ലണ്ടന്‍: രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്കാരം പ്രഖ്യാപിച്ചു. അമേരിക്കന്‍ ശാസ്ത്രജ്ഞന്മാരായ എറിക് ബെറ്റ്സിഗ്, വില്യം മൊയേര്ണര്, ജര്‍മ്മന്‍ ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹെല് എന്നിവരാണ് പുരസ്കാരം പങ്കിട്ടത്. സൂക്ഷ്മദര്‍ശനികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഫഌറസെന്റ് മൈക്രോസ്കോപ്പിയുടെ കണ്ടുപിടിത്തത്തിനാണ് പുരസ്കാരം.
സാധാരണ മൈക്രോസ്കോപ്പിന്റെ പരിമിതികളെ അതിജീവിക്കുന്ന കണ്ടുപിടുത്തമാണിതെന്ന് ജൂറി അഭിപ്രായപ്പെട്ടു. സൂക്ഷ്മദര്‍ശിനിയിലെ ദൃശ്യപ്രകാശത്തിന് പകരം ഫഌറസെന്റ് തന്മാത്രകള് ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുന്ന ഫഌറസെന്‍സ് മൈക്രോസ്കോപ്പ് വഴി ഏറ്റവും ചെറിയ വസ്തുക്കളെപ്പോലും കൃത്യമായി നിരീക്ഷിക്കാന്‍ സാധിക്കും. നാനോസ്കോപ്പി എന്നറിയപ്പെടുന്ന ഈ സംവിധാനം ജീവകോശങ്ങളിലെ ഓരോ കണികയേയും തിരിച്ചറിയാന്‍ സഹായിക്കും.
ബെറ്റ്സിഗ് അമേരിക്കയിലെ ഹാര്‍വാര്‍ഡ് ഹഗസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലും, വില്യം മൊയേര്ണര് സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയിലും പ്രൊഫസര്‍മാരാണ്. സ്റ്റീഫന്‍ ഹെല് ജര്‍മ്മന്‍ കാന്‍സര്‍ റിസേര്‍ച്ചിന്റെ തലവനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: