ന്യൂദല്‍ഹി: ഫ്ളിപ് കാര്‍ട്ട് ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ വ്യാപാര ഭീമന്മാരുടെ കുതിപ്പിനു കേന്ദ്രസര്ക്കാര്തടയിടും. വലിയ ഇളവുകള്‍ നല്കി പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈനിലൂടെ വിറ്റഴിക്കുന്ന ഫ്ളിപ്കാര്‍ട്ടിനെതിരെ ചില്ലറവ്യാപാരികള്‍ പരാതികളുമായി സമീപിച്ചതായി കേന്ദ്ര വാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന് വ്യക്തമാക്കി. ആവശ്യമെന്നു കണ്ടാല്‍ ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പരാതികളിന്മേല് ഫ്ളിപ്കാര്ട്ടിനോടു വിശദീകരണം തേടുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
വലിയ നികുതി നഷ്ടമാണ് ഓണ്‍ലൈന്‍ വ്യാപാരം മൂലം രാജ്യത്തിനുണ്ടാകുന്നത്. വിദേശ വ്യാപാര നയവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ മുന്കാലങ്ങളിലേതില് നിന്നും വ്യത്യസ്തമായി വേഗത്തില്‍ പുതിയ നയം രൂപീകരിക്കുമെന്നാണ് കേന്ദ്രവാണിജ്യമന്ത്രാലയം നല്കുന്ന സൂചന. ചില്ലറ വ്യാപാര രംഗത്തെ സ്വാധീനം നഷ്ടപ്പെടുമെന്ന് ഭയന്ന് എല്‍ജി, സാംസങ്, സോണി തുടങ്ങിയ പ്രമുഖ ബ്രാന്റുകള്‍ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ പിന്‍വലിക്കുകയാണെന്നും സൂചനകളുണ്ട്.
ബിഗ് ബില്യണ്‍ ഡേ എന്ന പേരില്‍ തിങ്കളാഴ്ച ഫ്ളിപ്കാര്‍ട്ട് വന്‍ ഇളവുകളോടെ പ്രമുഖ ബ്രാന്റുകളുടെ ഉത്പന്നങ്ങള്‍ വിറ്റഴിച്ചിരുന്നു. സാധനങ്ങള്‍ വിലക്കുറവില്‍ വാങ്ങിക്കൂട്ടാനുള്ള ഉപഭോക്താക്കളുടെ തിക്കിത്തിരക്കില്‍ ഫ്ളിപ്കാര്‍ട്ടിന്റെ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തു. ഒറ്റ ദിവസം പത്തു മണിക്കൂര്‍ കൊണ്ട് ഒന്നരക്കോടിയാള്ക്കാര് 600 കോടി രൂപയുടെ സാധനങ്ങള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയെന്നായിരുന്നു ഫ്ളിപ്കാര്‍ട്ടിന്റെ അവകാശ വാദം. പ്രതീക്ഷിച്ച സാധനങ്ങള്‍ കിട്ടാതെ വന്നതോടെ ബിഗ് ബില്യണ്‍ ഡേയില്‍ ഫ്ളിപ്കാര്‍ട്ടിന് പഴി കേള്‍ക്കേണ്ടിയും വന്നു. ഉത്പന്നങ്ങള്‍ക്ക് മൂന്നിരട്ടി വിലയിട്ട ശേഷമാണ് വിലകുറച്ച് വിറ്റതെന്നും ആരോപണമുണ്ടായി.
ചില്ലറവ്യാപാര രംഗത്ത് ഓണ്‍ലൈന്‍ കച്ചവടം മുന്നേറുമ്പോള്‍ ചെറുകിട വ്യാപാരികള്‍ കടുത്ത പ്രതിസന്ധിയിലാണ്. ഓണ്‍ലൈനിലൂടെ ഒരേ ബ്രാന്റിലുള്ള ഉത്പന്നങ്ങള്‍ വിലക്കിഴിവില്‍ ലഭ്യമായിത്തുടങ്ങിയതോടെ ആളുകള്‍ കടകളിലെത്തി വാങ്ങുന്ന പതിവ് കുറഞ്ഞു. ഓണ്‍ലൈന്‍ വിപനണനത്തെ നിയന്ത്രിക്കാന്‍ പ്രത്യേക നയം രൂപീകരിക്കുമോ എന്ന ചോദ്യത്തിനു കാര്യങ്ങള്‍ വിശദമായി പരിശോധിച്ചു നടപടിയെടുക്കുമെന്നായിരുന്നു മന്ത്രിയുടെ മറുപടി. ഈ പ്രശ്നത്തില്‍ സര്‍ക്കാരിനു നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. വിഷയത്തെക്കുറിച്ചു വിശദമായി പഠിക്കും. നിയന്ത്രണത്തിനായി ഒരു പുതിയ നയത്തിന്റെ ആവശ്യമുണ്ടെന്നു ബോധ്യപ്പെട്ടാല്‍ അതു രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി നിര്‍മ്മലാ സീതാരാമന് വ്യക്തമാക്കി.
ഫ്ളിപ്കാര്‍ട്ടിനു പുറമെ നിരവധി ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ വമ്പിച്ച വിലക്കിഴിവുകള്‍ പ്രഖ്യാപിച്ച് രംഗത്തെത്തിയതാണ് ചില്ലറ വ്യാപാരികളെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയത്. ഓണ്‍ലൈന്‍ വഴിയുള്ള റീട്ടെയില്‍ വ്യാപാരം നിയന്ത്രിക്കുന്നതിനു നടപടിയെടുക്കമെന്ന് വ്യാപാരികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഓള് ഇന്ത്യാ ട്രേഡേഴ്സ്(സിയാറ്റ്) ആവശ്യപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ ഉത്സവകാലങ്ങളില്‍ വമ്പിച്ച ഇളവുകള്‍ നല്‍കുന്നത് എപ്രകാരമാണെന്ന് അന്വേഷിക്കണമെന്നും സിയാറ്റ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: