ആലപ്പുഴ: കഴിഞ്ഞ മാസം എക്സൈസ് വകുപ്പ് 101 അബ്കാരി കേസുകളും 10 മയക്കുമരുന്നു കേസുകളും രജിസ്റ്റര്‍ ചെയ്ത് 126 പ്രതികളെ അറസ്റ്റു ചെയ്തു. നിയമവിരുദ്ധമായി നിര്‍മ്മിച്ചതോ എത്തിച്ചതോ ആയ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, വാഷ്, അരിഷ്ടം, കഞ്ചാവ് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. വിവിധ ഷാപ്പുകളില്‍ നിന്നു 491 മദ്യസാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 3,374 വാഹനങ്ങള്‍ പരിശോധിക്കുകയും എട്ടെണ്ണം പിടിച്ചെടുക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥര്‍ ജൂണ്‍ മുതല്‍ സപ്തംബര്‍ വരെ 2,784 റെയ്ഡുകള്‍ നടത്തുകയും 499 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. കോട്പ നിയമം, മയക്കുമരുന്ന് നിയമം (എന്‍ഡിപിഎസ്) എന്നിവ പ്രകാരം 507 കേസുകളിലായി 533 പേര് അറസ്റ്റിലായി. 13.5 ലക്ഷം രൂപ വില വരുന്ന പുകയില ഉത്പന്നങ്ങള്‍ പിടിച്ചെടുത്തു. കഞ്ചാവ്, സ്പിരിറ്റ്, വാഷ് തുടങ്ങിയവയും പോലീസ് പിടികൂടിയിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരിന്റെ മദ്യനയം നടപ്പാക്കുന്നതിന്റെ ഭാഗമായി, ജില്ലയില്‍ വ്യാജമദ്യനിര്‍മ്മാണവും വില്‍പ്പനയും തടയാന്‍ എക്സൈസ്-പോലീസ്-റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന എല്ലാ മാസവും നടത്തുമെന്നു കളക്ടര്‍ എന്‍. പത്മകുമാര്‍ പറഞ്ഞു.
ജില്ലയ്ക്കു പുറത്തുനിന്നു ലഹരിവസ്തുക്കള്‍ എത്തുന്നതു തടയാന്‍ വാഹനപരിശോധന കര്‍ശനമാക്കും. സ്കൂള്‍ പരിസരത്തും മറ്റും ഷാഡോ പോലീസിനെ കൂടാതെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഷാഡോ എക്സൈസ് ടീമിനെയും നിയോഗിക്കും. എക്സൈസ് വകുപ്പ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന രണ്ട് സ്ട്രൈക്കിങ് ഫോഴ്സുകള്‍ പുതുതായി രൂപീകരിച്ചു.
വ്യാജമദ്യനിര്‍മ്മാണം നടക്കുന്ന മിക്ക സ്ഥലങ്ങളും തിരിച്ചറിഞ്ഞിട്ടുണ്ട്. തീരദേശമേഖലകള്‍ കേന്ദ്രീകരിച്ചും ഉള്‍പ്രദേശങ്ങളിലും പരിശോധന നടത്തും. മദ്യ-ലഹരിവിരുദ്ധനടപടികളുടെ പുരോഗതി ആഴ്ച തോറും വിലയിരുത്താനും തീരുമാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: