ചങ്ങനാശേരി: പെട്രോള്‍ബങ്കില്‍ നിന്നും ഡീസല്‍ ചോര്‍ന്ന് സമീപ വീട്ടുമുറ്റത്തെ കിണറ്റിലെ വെള്ളം ഉപയോഗശൂന്യമായതായി പരാതി. വെരൂര്‍ ഇന്‍ഡസ്ട്രിയല്‍ നഗര്‍ ശീമോനി ഗാര്‍ഡന്‍സില്‍ ബര്‍കത്ത് വീട്ടില്‍ മുഹമ്മദ് ഷഫീഖിന്റെ വീട്ടു മുറ്റത്തെ കിണറ്റിലാണ് ഡീസല്‍മയം കണ്ടെത്തിയത്. കഴിഞ്ഞ 20 നാണ് സംഭവം. ആദ്യം കിണറ്റില്‍ നിന്നും ദുര്‍ഗന്ധം അനുഭവപ്പെടുകയാണ് ചെയ്തത്. തുടര്‍ന്ന് വെള്ളം കോരിയെടുത്തപ്പോഴാണ് ഡീസല്‍മയം കണ്ടെത്തിയത്.
ഇവരുടെ വീടിനു സമീപത്ത് വാഴൂര്‍ റോഡില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപം പ്രവര്‍ത്തിക്കുന്ന ഇന്‍ഡ്യന്‍ ഓയില്‍ പെട്രോള്‍ ബങ്കിലെ ടാങ്കിനു ചോര്‍ച്ചയുണ്ടായതാണ് കുടിവെള്ളത്തില്‍ ഡീസല്‍ കലര്‍ന്നതിനു കാരണമെന്നു സംശയിക്കുന്നു. സംഭവത്തെ തുടര്‍ന്ന് ചങ്ങനാശേരി പോലീസ്, വാഴപ്പള്ളി പഞ്ചായത്ത് സെക്രട്ടറി, മലീകരണ നിയന്ത്രണ ബോര്‍ഡ്, ഇന്‍ഡ്യന്‍ ഓയില്‍ ജനറല്‍ മാനേജര്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു.
ചങ്ങനാശേരി പോലീസ്, ഇന്‍ഡ്യന്‍ ഓയില്‍ കമ്പനി മാനേജര്‍ എന്നിവര്‍ സ്ഥലത്തു എത്തി വിവരം ബോധ്യപ്പെട്ടെങ്കിലും ഇവരുടെ ഭാഗത്തു നിന്നും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതേ സമയം വാഴപ്പള്ളി പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും സ്ഥലത്തെത്താന്‍ പോലും അധികൃതര്‍ തയ്യാറായില്ലെന്നും പരാതി നല്കിയാല് മാത്രം പോരാ വിളിച്ചു കൊണ്ടു പോയി കാണിക്കേണ്ടതും പരാതിക്കാരുടെ ചുമതലയാണെന്ന് പറഞ്ഞൊഴിയുകയാണ് അധികൃതര്‍ ചെയ്തതെന്നും വീട്ടുകാര്‍ പറഞ്ഞു.
15,000 ത്തോളം രൂപ മുടക്കി കിണര്‍ പലതവണ വൃത്തിയാക്കിയെങ്കിലും പിന്നീടു ലഭിക്കുന്ന വെള്ളത്തിലും ഡീസല്‍മയം കാണുകയായിരുന്നു. ഇതേതുടര്‍ന്ന് കോട്ടയം റബര്‍ ബോര്‍ഡ് സെന്‍ട്രല്‍ ക്വാളിറ്റി കണ്ട്രോള് ലബോറട്ടറിയില്‍ കിണറ്റിലെ വെള്ളം രാസപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
പരിശോധനയില്‍ വെള്ളത്തില്‍ ഡീസല്‍ അടങ്ങിയതായി കണ്ടെത്തുകയും ചെയ്തു. പമ്പ് പ്രവര്‍ത്തിക്കുവാന്‍ തുടങ്ങിയിട്ട് പത്തു വര്‍ഷത്തോളമായി. ടാങ്കിന്റെ ചോര്‍ച്ച പരിശോധിക്കണമെന്നും കുടുംബത്തിന് ശുദ്ധജലം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രശ്നത്തിന് അടിയന്തിര പരിഹാരം കണ്ടില്ലെങ്കില്‍ സമീപ കിണറുകളിലും ഇതേ അവസ്ഥയുണ്ടാകാന്‍ സാധ്യതയുള്ളതായും ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: