ബര്‍ദ്വാന്‍: പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ ഗാന്ധിജയന്തി ദിനത്തിലുണ്ടായ സ്ഫോടനത്തിനുപിന്നില്‍ അല്ഖ്വയ്ദയെന്ന് പോലീസ്. പാക്കിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ഖ്വയ്ദയാണ് സ്ഫോടനത്തിനു പിന്നിലെന്ന് ദി ടെലഗ്രാഫും കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ഫോടനം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ടെലഗ്രാഫിന്റെ റിപ്പോര്‍ട്ട്. ഭാരതത്തില്‍ ശാഖകള്‍ തുടങ്ങുന്നു എന്ന അല്‍ഖ്വയ്ദ തലവന്‍ അയ്മന്-അല്‍- സവാഹിരിയുടെ പ്രഖ്യാപനം സ്ഫോടനത്തിനു പിന്നില്‍ ഇവര്‍ക്കുള്ള പങ്കിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
കൂടാതെ സവാഹിരിയുെോട പേരില്‍ കണ്ടെത്തിയ ഒരു ലഘുലേഖയില്‍ മുജാഹിദ് എന്ന പേരുകള്‍ കണ്ടെത്തിയിരുന്നു. അല്‍ഖ്വയ്ദയിലെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് സലാമെന്നും ലഘുലേഖയില്‍ പറഞ്ഞിരുന്നു. സ്ഫോടനമുണ്ടായ വീട്ടില്‍ നിന്നും കണ്ടെടുത്തതാണ് ഈ ലഘുലേഖകള്‍. അവിടെനിന്നും കണ്ടെടുത്ത മറ്റു ചില ലഘുലേഖകളില്‍ സവാഹിരിയുടെ പേരും കണ്ടെത്തിയതായി പോലീസ് പറയുന്നു. ബര്‍ദ്വാനിലെ ഖഗ്രഗാര്ഹിലെ ഒരു വീട്ടിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തില്‍ ഇവിടെ ഒളിവില്‍ കഴിഞ്ഞ രണ്ട് ഭീകരരും കൊല്ലപ്പെട്ടിരുന്നു. വന്‍ സ്ഫോടകശേഖരവും ഇവിടെനിന്നും പോലീസ് കണ്ടെടുത്തു.
അതേസമയം, സ്ഫോടനം അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചതായി ആഭ്യന്തര സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എന്‍ഐഎ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ കേസ് അന്വേഷിച്ചേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഫോടക വസ്തുക്കള്‍ക്കു പുറമെ, ഇന്റര്‍നെറ്റില്‍ നിന്നെടുത്ത രേഖകളും എഴുതിതയ്യാറാക്കിയതുമായ ലഘുലേഖകളുടെ വന്‍ ശേഖരവും സ്ഫോടനം നടന്ന വീട്ടില്‍ നിന്നും കണ്ടെടുത്തതായും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അതിനുശേഷം മാത്രമേ അല്‍ഖ്വയ്ദയുടെ പങ്കിനെക്കുറിച്ച് പറയാന്‍ സാധിക്കൂവെന്നും സെക്രട്ടറി വ്യക്തമാക്കി.
അതിനിടെ, സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. റൂമി എന്നറിയപ്പെടുന്ന രാജിര ബീബി, ആമിന ബീബി, ഹാഫിസ് മൊല്ല എന്നിവരെയാണ് സിഐഡി ഇന്നലെ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തില്‍ ലെഷ്കറെതൊയ്ബ, ഹുജി എന്നീ ഭീകരസംഘടനകള്‍ക്കും പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. അതിനാല്‍ ഈ നിലയ്ക്കും അന്വേഷണം പുരോഗമിക്കുകയാണ്. അറസ്റ്റിലായ മൂന്ന് പേര്‍ക്കും ഭീകരവാദ ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനാലാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ 9 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: