ന്യൂദല്‍ഹി: തുടര്‍ച്ചയായി പുറത്തിറങ്ങിയ പുസ്തകങ്ങളിലൂടെ ലഭിച്ച ‘ദുര്‍ബല’ പ്രതിച്ഛായ തിരുത്താന്‍ സ്വന്തം പുസ്തകവുമായി മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിങ്. പത്തുവര്‍ഷത്തെ പ്രധാനമന്ത്രി പദവും ഉദ്യോഗസ്ഥപദവിയില്‍ നിന്നുള്ള രാഷ്ട്രീയ പ്രവേശനവുമെല്ലാം പുസ്തകത്തിലെ പ്രതിപാദ്യ വിഷയങ്ങളാകുമെന്നാണ് മന്മോഹന്സിങിനോട് അടുത്ത കേന്ദ്രങ്ങള്‍ നല്കുന്ന സൂചന. 2008ല്‍ ആരംഭിച്ച പുസ്തക രചന ഉടന്‍ പൂര്‍ത്തിയാകും.
പ്രധാനമന്ത്രിയായിരുന്ന കാലത്ത് മന്മോഹന്സിങും സോണിയാഗാന്ധിയും തമ്മിലുണ്ടായിരുന്ന ബന്ധത്തെപ്പറ്റിയും പ്രധാനമന്ത്രിയുടെ ഓഫീസില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ നടത്തിയ ഇടപെടലുകളേപ്പറ്റിയും ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മന്‍മോഹന്‍സിങ് തന്റെ പുസ്തകത്തിലൂടെ മറുപടി നല്‍കും. ഇതിനുപുറമേ മുന്‍ വിദേശകാര്യമന്ത്രി കെ. നട്വര്‍സിങ്, മന്മോഹിന്സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്തെ മാധ്യമ ഉപദേഷ്ടാവ് സഞ്ജയ് ബാരു, മുന്‍ സിഎജി വിനോദ് റായ് എന്നിവരുടെ പുസ്തകങ്ങളിലൂടെ ഉയര്‍ന്ന വിവാദങ്ങള്‍ക്കുള്ള മറുപടിയും മന്‍മോഹന്‍സിങിന്റെ പുസ്തകത്തിലുണ്ടാകുമെന്നാണ് സൂചന.
മുന്‍ വിദേശകാര്യമന്ത്രി നട്വര് സിങിന്റെ ‘വണ്‍ ലൈഫ് ഈസ് നോട്ട് ഇനഫ്’ എന്ന പുസ്തകത്തില്‍ ഡോ.മന്‍മോഹന്‍സിങിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സോണിയാഗാന്ധിയേയും കോണ്‍ഗ്രസ് നേതൃത്വത്തേയും കണക്കിനു വിമര്‍ശിച്ച നട്വര് സിങിന്റെ ആരോപണങ്ങള്‍ക്ക് മന്മോഹന് സിങിന്റെ പുസ്തകത്തില്‍ മറുപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. നട്വര് സിങിന്റെ പുസ്തകം പുറത്തിറങ്ങും മുമ്പ് പ്രധാനമന്ത്രിയുടെ മുന്‍ മാധ്യമ ഉപദേശകന് സഞ്ജയ് ബാരുവിന്റെ ‘ ദ ആക്സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍’ ഉയര്‍ത്തിയ വിവാദങ്ങളും മന്മോഹന്സിങിനേയും കോണ്‍ഗ്രസ് നേതൃത്വത്തേയും ഉലച്ചിരുന്നു.
മന്‍മോഹന്‍സിങ് സര്‍ക്കാരിനു മുകളില്‍ സോണിയാഗാന്ധിയാണ് ഭരിച്ചതെന്ന സഞ്ജയ് ബാരുവിന്റെ വെളിപ്പെടുത്തലുകള്‍ വിവാദമുയര്‍ത്തി. പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്നും സുപ്രധാന ഫയലുകള്‍ സോണിയാഗാന്ധിയുടെ മുന്നിലെത്തിയിരുന്നതായും സോണിയയാണ് ഇത്തരം വിഷയങ്ങളില്‍ തീരുമാനമെടുത്തിരുന്നതെന്നുമായിരുന്നു സഞ്ജയ് ബാരുവിന്റെ വിമര്‍ശനം. ഇതിനുപിന്നാലെയാണ് മുന്‍ കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ വിനോദ് റായിയുടെ വെളിപ്പെടുത്തല്‍ ‘നോട്ട് ജസ്റ്റ് ആന്‍ അക്കൗണ്ടന്റ്’ എന്ന പുസ്തകത്തിലൂടെ പുറത്തുവന്നത്. 2ജി സ്പെക്ട്രം വിഷയത്തിലും കല്‍ക്കരി അഴിമതിയിലും വിനോദ് റായിയുടെ പുസ്തകവും മന്‍മോഹന്‍സിങിനെ പ്രതിരോധത്തിലാക്കി.
പുസ്തക രചനയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് സഹപ്രവര്‍ത്തകരുമായി നടത്തിയ ആശയ വിനിമയ രേഖകളെല്ലാം മന്‍മോഹന്‍സിങ് പ്രധാനമന്ത്രി പദം വിട്ടൊഴിയും മുമ്പുതന്നെ ശേഖരിച്ചിരുന്നു. വിവാദ വിഷയങ്ങളില്‍ കേന്ദ്രമന്ത്രിസഭാംഗങ്ങളുമായി നടത്തിയ അഭിപ്രായ പ്രകടനങ്ങളും മന്‍മോഹന്‍സിങിന്റെ പക്കലുണ്ട്. ഇവയെല്ലാം മന്‍മോഹന്‍സിങിന്റെ പുസ്തകത്തില്‍ പരാമര്ശവിധേയമായേക്കും.
















