കായംകുളം: സ്വന്തം നാടിന്റെ ചരിത്രത്തിലും സംസ്ക്കാരത്തിലും അറിവും അഭിമാനവുമുള്ള ജനശക്തി വളര്‍ന്നു വന്നാലേ രാഷ്ട്രത്തിന് ശരിയായ ആത്മവിശ്വാസമുണ്ടാവുകയുള്ളുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു. ആര്‍എസ്എസ് കായംകുളം നഗര്‍ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ എരുവ ആറാട്ടുകുളം മൈതാനിയില്‍ നടന്ന വിജയദശമി ഉത്സവത്തിന്റെ പൊതുപരിപാടിയില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ജനങ്ങളുടെ അസംഘടിതാവസ്ഥ മുതലാക്കി ജാതിയുടേയും മതത്തിന്റെയും ഇസങ്ങളുടേയും വിശ്വാസങ്ങളുടേയും പേരില്‍ സമൂഹത്തെ വിഭജിച്ച് നിര്‍ത്താന്‍ ഭാരതത്തിലേക്ക് കടന്നുവന്നവര്‍ക്ക് വ്യഗ്രത ഉണ്ടായിരുന്നുവെന്ന് നാം തിരിച്ചറിയണം. ജനങ്ങളിലും ഭരണാധികാരികളിലും ജനനായകരിലും അഭിമാനവും ആത്മവിശ്വാസവും വളരുന്നത്, രാജനൈതിക രംഗത്തെ പ്രഭാവപൂര്ണ്ണമാക്കാന് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പത്തിയൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് അഡ്വ.ആര്.രാജന് അദ്ധ്യക്ഷത വഹിച്ചു. നഗര്‍കാര്യവാഹ് ജി.കെ.രാജേഷ് സ്വാഗതവും ആര്.നിഥിന് കൃതജ്ഞതയും പറഞ്ഞു. പൊതുപരിപാടിക്ക് മുന്നോടിയായി പത്തിയൂര്‍ ക്ഷേത്രത്തിന് സമീപത്തുനിന്ന് സമ്മേളന നഗരിയിലേക്ക് പഥസഞ്ചലനവും നടന്നു. കേസരി, ജന്മഭൂമി പ്രചാര പദ്ധതിയുടെ മണ്ഡലതല ഉദ്ഘാടനം മുന്‍ നഗരസഭ കൗണ്‍സിലര്‍ അഡ്വ.സി.ജി. സുരേഷ് ബാബു, എരുവ ക്ഷേത്ര ഉപദേശകസമിതി സെക്രട്ടറി കെ.കെ. ബിജു എന്നിവരില്‍ നിന്നും വരിസംഖ്യ കുമ്മനം രാജശേഖരന് സ്വീകരിച്ചുകൊണ്ട് തുടക്കം കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: