ചെറിയനാട്: പോലീസ് സംരക്ഷണയില്‍ പുറമ്പോക്ക് കൈയേറി സ്മാരകം നിര്‍മ്മിച്ച് ചെറിയനാട് സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ നീക്കം. ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനു മുന്‍വശം പടനിലം-തോനയ്ക്കാട് പിഡബ്ല്യുഡി റോഡ് കൈയേറിയാണ് ഡിവൈഎഫ്ഐ സ്മാരകം നിര്‍മ്മിക്കുന്നത്. ക്ഷേത്രത്തിലെ ഉത്സവത്തിന് പള്ളിവിളക്കുകള്‍ വലിക്കുന്നതിനും കാവടിയാട്ടം, ശ്രീകൃഷ്ണജയന്തി തുടങ്ങി ഭക്തര്‍ പങ്കെടുക്കുന്ന ദിവസങ്ങളില്‍ സ്മാരകം തടസ്സം സൃഷ്ടിക്കും. കൊടുംവളവില്‍ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനം അപകട ഭീഷണിയും ഉയര്‍ത്തുന്നു.
സ്മാരക നിര്‍മ്മാണത്തിനെതിരെ നാട്ടുകാര്‍ ആര്‍ഡിഒ, ഡിവൈഎസ്പി, പിഡബ്ല്യുഡി അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ ദിവസം രാത്രിയില്‍ പുനരാരംഭിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ചെങ്ങന്നൂര്‍ പോലീസില്‍ വിവരം അറിയിച്ചു. എന്നാല്‍ സ്ഥലത്തെത്തിയ പോലീസ് പരാതിക്കാര്‍ക്കെതിരെ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. തുടര്‍ന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ രാത്രി വൈകുവോളം പോലീസ് സ്മാരകത്തിന് സമീപം നിലയുറപ്പിച്ചു.
സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന ചെറിയനാട്ട് സംഘര്‍ഷമുണ്ടാക്കാന്‍ ഡിവൈഎഫ്ഐ നടത്തുന്ന ശ്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ഒരു സംഘടനകളുടെയും കൊടിമരമോ മറ്റ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോ ഇല്ലാത്ത സ്ഥലത്ത് പ്രകോപനം സൃഷിക്കാന്‍ നടത്തുന്ന നീക്കത്തിനെതിരെ സിപിഎമ്മിനുള്ളിലും പ്രതിഷേധമുണ്ട്.
പൊതു സ്ഥലം കൈയേറി നടത്തിയിട്ടുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീക്കം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവിനെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് ഇവിടെ ലംഘിച്ചിരിക്കുന്നത്. കൈയേറ്റത്തിന് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ ഉള്‍പ്പെടെ എതിര്‍കക്ഷികളാക്കി ജില്ലാ കളക്ടര്‍, റവന്യു വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്കുവാനും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുമുള്ള നീക്കത്തിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: