നാഗ്പൂര്‍: സമ്പൂര്‍ണ്ണ ലോകത്തിനും വഴികാട്ടിയാവുന്ന രീതിയില്‍ ഭാരതം വൈഭവപൂര്ണമാകണമെന്ന് ആര്.എസ്സ്.എസ്സ് സര്‍സംഘ ചാലക് മോഹന്‍ ഭാഗവത് പറഞ്ഞു. നാഗപൂരില്‍ വിജയ ദശമി ദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഭാരതീയശാസ്ത്രജ്ഞന്മാര്‍ മംഗള്‍ യാനിലൂടെ തിളക്കമാര്‍ന്ന നേട്ടമാണ് കൈവരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടുന്ന ഭാരതത്തിന്റെ കായിക താരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. മതവിശ്വാസത്തിലും മറ്റു ചിന്തകളിലും തങ്ങളൂടേത് മാത്രമാണ് ശരി എന്ന നിലപാട് ഉപേക്ഷിക്കുക. അഹിംസയിലും നിയമ വ്യവസ്ഥയിലും അധിഷ്ഠിതമായ മധ്യമാ!ര്‍ഗ്ഗം അവലംബിച്ച് സമാധാനപരമായി ജീവിക്കാന്‍ നാം തയ്യാറാവണം. പാശ്ചാത്യ നാടുകളുടെ സ്വാര്‍ത്ഥചിന്തകളാണ് ഇസ്ലാമിക സ്റ്റേറ്റു പോലുള്ള തീവ്രവാദ സംഘങ്ങളെ സൃഷ്ടിക്കാന്‍ കാരണമായത്.
സമ്പൂര്‍ണ വൈഭവമാര്‍ന്ന ഭാരതമുണ്ടാകണമെന്ന ആഗ്രഹത്തോട് കൂടി സമൂഹം പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഭരണ സംവിധാനത്തില്‍ വലിയൊരു മാറ്റമുണ്ടായതെന്ന് മോഹന്‍ ഭാഗവത് സൂചിപ്പിച്ചു. ആറുമാസം തികഞ്ഞിട്ടില്ലെങ്കിലും കേന്ദ്രസര്‍ക്കാര്‍ സാമ്പത്തികവും സുരക്ഷാ സംബന്ധിയുമായ വിഷയങ്ങളിലും മറ്റു മേഖലകളിലും ദേശഹിതത്തിനനുഗുണമായി നയപരമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വരും ദിനങ്ങളിലും ദേശത്തിന്റെ നയങ്ങള്‍ സുനിശ്ചിതവും വ്യവസ്ഥാപിതവുമായി കൊണ്ടുപോകാന്‍ സര്‍ക്കാരിനു കഴിയേണ്ടതാണ്. ജമ്മു കാശ്മീര്‍ പ്രളയ ദുരന്തത്തില്‍ സ്തുത്യര്‍ഹമായി പ്രവര്‍ത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സാധിച്ചു എന്നതില്‍ സംശയമില്ല. അദ്ദേഹം പറഞ്ഞു.
രാജ്യത്തുടനീളം ആന്തരിക സുരക്ഷയ്ക്ക് വെല്ലുവിളിയായിക്കൊണ്ടിരിക്കുന്ന തീവ്രവാദത്തെയും നക്സല്‍ ഭീകരതയേയും അവരെ പരിപോഷിപ്പിക്കുന്ന ശക്തികളേയും നിയന്ത്രിക്കാനുതകുന്നതൊന്നും ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല. ഇതില്‍ തനതായ പങ്ക് സമാജത്തിനും വഹിക്കാനുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സമാജത്തില്‍ നിന്നും ഭേദഭാവനകള്‍ പിഴുതെറിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവനവന്റെ മനസ്സില്‍ നിന്നും വീട്ടില്‍ നിന്നും കുടുംബത്തില്‍ നിന്നും ഇതിനുള്ള പ്രയത്നം ആരംഭിക്കണം. സമാജത്തില്‍ ജാഗ്രത, ഏകാത്മകത, വ്യക്തിഗതവും രാഷ്ട്രീയവുമായ ചാരിത്ര്യം, അച്ചടക്കം മുതലായ സദ്ഗുണങ്ങളുടെ അടിസ്ഥാനത്തില്‍ ധൈര്യപൂര്ണമായ കൂട്ടായ പ്രവര്‍ത്തനം സാദ്ധ്യമാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
എല്ലാവരേയും ഉള്‍ക്കൊള്ളുന്ന , സര്‍വാശ്ലേഷിയായ , സര്‍വവ്യാപിയായ ഹിന്ദുത്വം അതുതന്നെയാണ് നമ്മുടെ സ്വത്വമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു . മഹത്തായ ദേശത്തിന്റെ നവ നിര്‍മ്മിതികളില്‍ പങ്കാളിയാകാന്‍ എല്ലാ!വരോടും ആഹ്വാനം ചെയ്തുകൊണ്ടാണ് മോഹന്‍ ഭാഗവത് വിജയ ദശമി ദിന സന്ദേശം അവസാനിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: