ന്യൂദല്‍ഹി: ജനപ്രതിനിധികള്‍ക്കെതിരായ കേസുകളുടെ വിചാരണയ്ക്ക് ഇനിമുതല്‍ ഹൈക്കോടതികളില്‍ പ്രത്യേക സെല്ലുകള്‍ സ്ഥാപിക്കും. ജനപ്രതിനിധികള്‍ പ്രതികളായ കേസുകളിലുടെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക സെല്ലുകള്‍ സ്ഥാപിക്കാന്‍ കേന്ദ്രനിയമമന്ത്രാലയം തീരുമാനിച്ചത്. കേന്ദ്രആഭ്യന്തരമന്ത്രാലയവുമായും ഹൈക്കോടതി ചീഫ്ജസ്റ്റിസുമാര്‍, മുഖ്യമന്ത്രിമാര്‍ എന്നിവരുമായും കേന്ദ്രനിയമമന്ത്രാലയം ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനം.
ഹൈക്കോടതികളില്‍ പ്രത്യേക സെല്ലുകള്‍ സ്ഥാപിക്കുന്നതു സംബന്ധിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രനിയമമന്ത്രാലയം തയ്യാറാക്കിക്കഴിഞ്ഞു. ജില്ലാ ജഡ്ജിമാര്‍ക്കും പോലീസിനും കൂടുതല്‍ അധികാരങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശത്തിലുണ്ട്. ജനപ്രതിനിധികള്‍ കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അറസ്റ്റു ചെയ്യാനുള്ള അധികാരം ജില്ലാ ജഡ്ജിമാര്ക്കാണ്. കേസിന്റെ മേല്‍നോട്ട ചുമതലയും ജില്ലാ ജഡ്ജിക്കാണ്. പോലീസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെങ്കില്‍ ജില്ലാ ജഡ്്ജിക്ക് പ്രത്യേക സെല്ലിന്റെ സഹായം തേടാം. അന്വേഷണം വൈകിയാല്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കാനും ജില്ലാ ജ്ഡജിക്ക് അധികാരമുണ്ടാകും.
ജില്ലാ പോലീസ് മേധാവിമാരാണ് ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ അന്വേഷിക്കേണ്ടത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് മൂന്നുമാസത്തിനകം കേസന്വേഷണം പൂര്‍ത്തിയായില്ലെങ്കില്‍ ജില്ലാ പോലീസ് മേധാവിമാര്‍ക്കെതിരെ നടപടിയുണ്ടാകും. മതിയായ തെളിവുകള്‍ ലഭ്യമാണെങ്കില്‍ പരാതിയില്ലെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാം. മൂന്നുമാസത്തിനകം അന്വേഷണം നടത്തി ആറുമാസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണം. എഫ്ഐആര്‍,സാക്ഷികളുടേയും പ്രതികളുടേയും മൊഴികള്‍
എന്നിവയെല്ലാം ഇമെയില്‍ വഴി ജില്ലാ ജഡ്ജിയെ അറിയിക്കണം എന്നിങ്ങനെയുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളാണ് കേന്ദ്രനിയമമന്ത്രാലയം തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: