കാബൂള്‍: അഫ്ഗാനിസ്ഥാനിലെ പുതിയ പ്രസിഡന്റായി അഷ്റഫ് ഗാനി അഹമ്മദ്സായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 2001-നു ശേഷം ഇതാദ്യമായാണ് രാജ്യത്ത് ജനാധിപത്യ രീതിയിലുള്ള ഭരണമാറ്റം ഉണ്ടാകുന്നത്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനെത്തുടര്‍ന്നുണ്ടായ മൂന്ന് മാസത്തെ പ്രതിസന്ധികള്‍ക്കൊടുവിലാണ് ഹമീദ് കര്‍സായിയുടെ പിന്‍ഗാമിയായി ഗാനി അധികാരത്തിലേറുന്നത്.
ജൂണ്‍ 14-ന് നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതായി ഗാനിയും എതിര്‍സ്ഥാനാര്‍ത്ഥി അബ്ദുള്ള അബ്ദുള്ളയും പ്രഖ്യാപിച്ചതോടെയാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തത്. ഇതേതുടര്‍ന്ന് അമേരിക്കയും ഐക്യരാഷ്ട്രസഭയും അഫ്ഗാനിനുമേല് സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ദേശീയ സര്‍ക്കാര്‍ രൂപീകരിക്കണമെന്ന ഇവരുടെ ആവശ്യം അംഗീകരിച്ച ഗാനിയും അബ്ദുള്ളയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതു വരെ കാത്തിരുന്നു. നീണ്ടകാലത്തെ പ്രതിസന്ധിക്കൊടുവില്‍ കഴിഞ്ഞയാഴ്ചയാണ് ഗാനി വിജയിച്ചതായി പ്രഖ്യാപനമുണ്ടായത്. പ്രധാനമന്ത്രിക്കു സമാനമായ ചീഫ് എക്സിക്യൂട്ടീവ് എന്ന പദവിയില്‍ അബ്ദുള്ളയും സത്യപ്രതിജ്ഞ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: