ചെന്നൈ: തമിഴ്നാടിന്റെ പുതിയ മുഖ്യമന്ത്രിയായി ഒ.പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ.റോസയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു.
ജയലളിതയുടെ മന്ത്രിസഭയിലുണ്ടായിരുന്ന 32 മന്ത്രിമാരും വീണ്ടും ഒരിക്കല്‍ കൂടി സത്യപ്രതിജ്ഞ ചെയ്തു.
അഴിമതിക്കേസില്‍ ബംഗളൂരു കോടതി നാലു വര്‍ഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയായിരുന്ന ജയലളിത അയോഗ്യയാക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുത്തത്.
കഴിഞ്ഞ ദിവസം ജയലളിതയുടെ നിര്‍ദ്ദേശത്തിനുശേഷം ചേര്‍ന്ന യോഗത്തിലാണ് പനീര്‍ശെല്‍വത്തെ തിരഞ്ഞെടുത്തത്. രാവിലെ ജയിലിലെ സന്ദര്‍ശക മുറിയിലായിരുന്നു ഒരു മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ നടന്നത്.
പനീര്‍ശെല്‍വം, എക്സൈസ് മന്ത്രി നാഥം വിശ്വനാഥന്, ഗതാഗത മന്ത്രി ബാലാജി, മുന്‍ ചീഫ് സെക്രട്ടറി ഷീല ബാലകൃഷ്ണന് എന്നിവരാണ് ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ എഐഎഡിഎംകെ അധ്യക്ഷ കൂടിയായ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയത്.
തുടര്‍ന്ന് ചേര്‍ന്ന നിയമസഭാകക്ഷി യോഗത്തില്‍ പനീര്‍ശെല്‍വത്തിന്റെ പേര് ആദ്യം തന്നെ ഉയര്‍ന്നു വന്നു. നാഥംവിശ്വനാഥിന്റെ നിര്‍ദ്ദേശം മറ്റുള്ളവര്‍ ഒറ്റക്കെട്ടായി അംഗീകരിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: