ആലപ്പുഴ: സംസ്ഥാനത്തെ 7000ത്തോളം നിര്‍ധനരായ പെണ്‍കുട്ടികളുടെ കാതുകള്‍ സൗജന്യമായി കുത്തി കമ്മലിടാന്‍ തയ്യാറെടുക്കുകയാണ് ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ് അസോസിയേഷന്. അസോസിയേഷന്റെ 70-ാമത് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് വ്യത്യസ്ത പരിപാടി ഒരുക്കിയിരിക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പരിപാടിയാണ് സംഘടിപ്പിച്ചിരിക്കുന്നത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലെ യൂണിറ്റ് കമ്മറ്റികള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. കമ്മലിടല്‍ ചടങ്ങിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ 12ന് കൊല്ലത്ത് നടത്തുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ബി. ഗോവിന്ദന് അറിയിച്ചു. സ്വര്‍ണാഭരണ എക്സിബിഷന് കമ്പനിയായ യുണൈറ്റഡ് ബിസിനസ് മീഡിയയുമായി ചേര്‍ന്ന് സംസ്ഥാനത്തിന്റെ നാലുമേഖലകളില് വ്യാപാരികള്‍ക്കായി ഏകദിന സ്വര്‍ണാഭരണ എക്സിബിഷന് സംഘടിപ്പിക്കും. ഇതിന്റെ തുടക്കവും 12ന് സിഎസ്ഐ കണ്വന്ഷന് സെന്ററില്‍ നടക്കും.
ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ആയിരത്തോളം വ്യാപാരികള്‍ പ്രദര്‍ശനം വീക്ഷിക്കാനെത്തുമെന്നും അദ്ദേഹം അറിയിച്ചു. അസോസിയേഷന് മുന്‍ പ്രസിഡന്റ് ബി. ഗിരിരാജന്‍, ജനറല്‍ സെക്രട്ടറി റാം മോഹന്‍ കമ്മത്ത്, അഡ്വ.എസ്. അബ്ദുള്‍ നാസര്‍, റോയി പാലത്ര, ബിന്ദുമാധവ്, അഡ്വ.എസ്. അബ്ദുള്‍ റഷീദ്, ഹാഷിം കോന്നി, സുല്‍ഫിക്കര്‍ മയൂരി, സത്താര്‍ വാലേല്‍, ബി. പ്രേമാനന്ദ്, നവാസ് പുത്തന്‍വീട്, നസീര്‍ പുന്നയ്ക്കല്‍, വര്‍ഗീസ് വല്യായ്ക്കല് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: