ആലപ്പുഴ: ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ശോഭായാത്ര ആര്യാട് കൈതത്തില്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതെ തടഞ്ഞതില്‍ പ്രതിഷേധിച്ച് സംഘപരിവാര്‍ പ്രസ്ഥാനങ്ങള്‍ നടത്തിയ പ്രകടനത്തിലും സമ്മേളനത്തിലും പ്രതിഷേധം ശക്തം. ഭക്തജനങ്ങളടക്കം നൂറുകണക്കിന് ആളുകളാണ് പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തത്.
സിപിഎം, പോലീസ്, ക്ഷേത്രത്തിലെ ഒരുവിഭാഗം ഭരണസമിതി അംഗങ്ങള്‍ എന്നിവര്‍ ഗൂഢാലോചന നടത്തിയാണ് ശ്രീകൃഷ്ണജയന്തി ആഘോഷം അട്ടിമറിക്കാനും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തത്. ഇന്നലെ വൈകിട്ട് കോമളപുരത്ത് നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കൈതത്തില്‍ ക്ഷേത്രം വഴി കോമളപുരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ സമ്മേളനം ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു ഉദ്ഘാടനം ചെയ്തു.
ശ്രീകൃഷ്ണ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തിയവര്‍ അധാര്മ്മികരാണെന്നും ഇവര്‍ കാലത്തിന്റെ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തില്‍ നടത്തേണ്ട പ്രവൃത്തികള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ ചെയ്യുന്നവരാണ് കൈതത്തില്‍ ക്ഷേത്ര ഭരണസമിതിയെന്നും ഇവരെ ഭക്തര്‍ തന്നെ നേര്‍വഴിക്ക് നടത്തേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
ഈശ്വരവിശ്വാസമില്ലാത്തവര്‍ ക്ഷേത്രം ഭരണം കൈയാളിയാല് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാലഗോകുലം ശോഭായാത്ര ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കാതിരുന്നത് ഇത്തരം അധാര്‍മ്മികളെ ഭയന്നിട്ടല്ല. നിയമത്തെയും നാട്ടിലെ വ്യവസ്ഥകളെയും അനുസരിക്കുന്നതിനാലാണെന്നും ശബരിമല സീസണില്‍ ഇവര്‍ അയ്യപ്പന്മാര്ക്ക് പോലും വിലക്കേര്‍പ്പെടുത്താന്‍ സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരക്കാരെ മുണ്ടു മടക്കിക്കുത്തി ഭക്തര്‍ തടയുന്ന കാലം വിദൂരമല്ലെന്നും ബിജു മുന്നറിയിപ്പ് നല്കി.
ശ്രീനാരായണീയ പ്രസ്ഥാനങ്ങളെ തകര്‍ക്കാര്‍ ഇക്കൂട്ടര്‍ പരിശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിശ്വഹിന്ദു പരിഷത്ത് ജില്ലാ പ്രസിഡന്റ് മേജര്‍ ധനപാലന് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് എല്‍. പത്മകുമാര്‍, ജില്ലാ കാര്യവാഹ് എസ്. ജയകൃഷ്ണന്, ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്, ബിഎംഎസ് ജില്ലാ സെക്രട്ടറി ബി. രാജശേഖരന്, വിശ്വഹിന്ദു പരിഷത്ത് വിഭാഗ് സംഘടനാ സെക്രട്ടറി കെ. ജയകുമാര്‍, ബിജെപി ആര്യാട് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: