കൊച്ചി: ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാരംഗത്ത് സാങ്കേതിക സഹായം നല്‍കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സാധിക്കുമോ എന്നു പരിശോധിക്കാന്‍ ബ്രിട്ടനില്‍ നിന്നെത്തിയ പ്രതിനിധി സംഘം സ്റ്റാര്‍ട്ടപ്പ് വില്ലേജുമായി ചര്‍ച്ച നടത്തി. ബ്രിട്ടനിലെ ആരോഗ്യ സുരക്ഷാ വിദഗ്‌ദ്ധരും ഈ രംഗത്തെ നേതാക്കളും ഉള്‍പ്പെടുന്ന 30 അംഗ സംഘമാണ് സ്റ്റാര്‍ട്ടപ്പ് വില്ലേജ് പ്രതിനിധികളുമായി ബുധനാഴ്ച ചര്‍ച്ച നടത്തിയത്.
ബ്രിട്ടനിലെ ആരോഗ്യസുരക്ഷാരംഗം അഭിമുഖീകരിക്കുന്ന വെല്ലുവിളികള്‍ നേരിടാനുതകുന്ന നൂതന മാര്‍ഗങ്ങള്‍ കണ്ടെത്തുന്നതിനായി യുവസംരംഭകരുമായി ബിസിനസ് പങ്കാളിത്തം സ്ഥാപിക്കുകയായിരുന്നു ചര്‍ച്ചയുടെ ഉദ്ദേശ്യം. പങ്കാളിത്ത കമ്പനിയെ കണ്ടെത്തി അംഗീകരിച്ചുകഴിഞ്ഞാല്‍ സാങ്കേതികമാര്‍ഗങ്ങള്‍ വികസിപ്പിക്കാനുള്ള സാമ്പത്തികസഹായം അവര്‍ നല്‍കും.
സംസ്ഥാനത്തെ യുവാക്കള്‍ക്കിടയില്‍ സംരംഭകത്വ സംസ്‌കാരം വളര്‍ത്തുന്നതിനുതകുന്ന പ്രവര്‍ത്തനാന്തരീക്ഷം സൃഷ്ടിച്ചെടുക്കാനുള്ള സ്റ്റാര്‍ട്ടപ്പ് വില്ലേജിന്റെ ശ്രമങ്ങളെ പ്രതിനിധി സംഘത്തിനൊപ്പമുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ ഭരത് ജോഷി അഭിനന്ദിച്ചു.
ഹെല്‍ത്ത് കെയര്‍ യുകെ ആരോഗ്യ സുരക്ഷാ വിദഗ്‌ദ്ധരായ ക്രിസ് ബോണ്‍, മൈക് നിതാവ്രിയാനാകിസ്, അഡ്വാടെക് ഹെല്‍ത്ത് കെയര്‍ യൂറോപ് ലിമിറ്റഡിലെ മെഡിക്കല്‍ എമര്‍ജന്‍സി മേധാവി ഡീന്‍ ഫ്രെഡറിക് ബെര്‍ണാഡ് ഫ്രാങ്കോയിസ് സ്മിത്, ഡയറക്ടറും സിഇഒയുമായ സമിത് കുമാര്‍ ബിശ്വാസ്, ലിവര്‍പൂള്‍ വിമന്‍സ് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും ഹെവിറ്റ് ഫെര്‍ട്ടിലിറ്റി സെന്ററിലെ ചീഫ് ക്ലിനിക്കല്‍ ഓഫീസറും റീപ്രൊഡക്ടീവ് മെഡിസിനില്‍ പ്രൊഫസറുമായ ചാള്‍സ് കിംഗ്‌സ്‌ലാന്‍ഡ് എന്നിവരും പ്രതിനിധി സംഘത്തിലുണ്ട്.
വിദേശ വിപണികളില്‍ നിന്നും നമ്മുടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അംഗീകാരം കിട്ടുന്നുവെന്നത് ഏറെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സ്റ്റാര്‍ട്ടപ്പ് വില്ലേജ് ചെയര്‍മാന്‍ സഞ്ജയ് വിജയകുമാര്‍ പറഞ്ഞു. വികസിത വിപണികളില്‍ സാങ്കേതിക ഉല്‍പന്നങ്ങള്‍ വളരെ വേഗം സ്വീകരിക്കപ്പെടുമെന്നും അവിടേക്കുള്ള പ്രവേശനമാണ് ഇവിടെ നിന്ന് സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വിജയകഥകളെന്നും സഞ്ജയ് ചൂണ്ടിക്കാട്ടി.
സ്റ്റാര്‍ട്ടപ്പ് വില്ലേജിലെ കമ്പനികളുടെ ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരത്തിനു തെളിവാണ് ബ്രിട്ടീഷ് പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനമെന്ന് സിഇഒ പ്രണവ് കുമാര്‍ സുരേഷ് പറഞ്ഞു.
















