ചേര്‍ത്തല: ജില്ലാ സെക്രട്ടറിയേറ്റ് അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയും ഏരിയാകമ്മറ്റിയുടെ അതിര്‍ത്തി പുനര്‍നിര്‍ണയവും ചേര്‍ത്തലയിലെ സിപിഎം ഗ്രൂപ്പ് സമവാക്യങ്ങളില്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കും.
പാര്‍ട്ടിയുടെ ജില്ലയിലെ മുതിര്‍ന്ന നേതാവും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്ന അഡ്വ. കെ. പ്രസാദിനെ ഇരു സ്ഥാനങ്ങളില്‍ നിന്നും നീക്കിക്കൊണ്ട് ജില്ലാ നേതൃത്വം കൈക്കൊണ്ട അച്ചടക്കനടപടി പ്രസാദിന്റെ തട്ടകമായ ചേര്‍ത്തലയില്‍ രാഷ്ട്രീയചലനങ്ങള്‍ സൃഷ്ടിക്കുന്നതിനിടെയാണ് ഏരിയാ കമ്മറ്റിയുടെ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം നല്‍കിയത്.
തൈക്കാട്ടുശേരി ഏരിയാകമ്മറ്റി പിരിച്ച് വിട്ടതിനെ തുടര്‍ന്ന് ഇതില്‍ ഉള്‍പ്പെട്ടിരുന്ന പെരുമ്പളം, അരൂക്കുറ്റി, പാണാവള്ളി, തൈക്കാട്ടുശേരി, പള്ളിപ്പുറം എന്നീ ലോക്കല്‍ കമ്മറ്റികളെ ചേര്‍ത്തല ഏരിയാകമ്മറ്റിയോടു ചേര്‍ക്കാനും ചേര്‍ത്തല ഏരിയാ കമ്മറ്റിയുടെ ഭാഗമായിരുന്ന വയലാര്‍, പട്ടണക്കാട്, കടക്കരപ്പള്ളി, വെട്ടയ്ക്കല്‍ ലോക്കല്‍ കമ്മറ്റികളെ അരൂര്‍ ഏരിയാകമ്മറ്റിയില്‍ ഉള്‍പ്പെടുത്തുവാനുമാണ് തീരുമാനം. വിഎസ്-ഐസക് പക്ഷത്തിനാണ് ചേര്‍ത്തല ഏരിയാ കമ്മറ്റിയില്‍ മേല്‍ക്കൈ ഉള്ളത്. ഇതേ നിലപാടുള്ള തൈക്കാട്ടുശേരി കമ്മറ്റി ചേര്‍ത്തലയോട് ചേര്‍ക്കുന്നതോടെ തങ്ങള്‍ക്ക് സമ്പൂര്‍ണ ആധിപത്യം ലഭിക്കുമെന്നാണ് ഐസക് പക്ഷം കരുതുന്നത്.
ഔദ്യോഗിക പക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളായ പട്ടണക്കാട്, വെട്ടയ്ക്കല്‍, കടക്കരപ്പള്ളി എന്നീ ലോക്കല്‍ കമ്മറ്റികള്‍ അരൂരിനോട് ചേരുന്നതും ഈ വിഭാഗത്തിലെ പ്രമുഖനായ പ്രസാദിനെതിരെയുള്ള അച്ചടക്കനടപടിയും ചേര്‍ത്തലയില്‍ ഔദ്യോഗിക പക്ഷത്തിന് തിരിച്ചടിയാകുമെന്നാണ് സൂചന. തൈക്കാട്ടുശേരിയില്‍ നിന്ന് കൂട്ടിച്ചേര്ക്കപ്പെട്ടവയില് പള്ളിപ്പുറം എല്‍സിയില്‍ മാത്രമാണ് ഔദ്യോഗീക പക്ഷത്തിന് മുന്‍തൂക്കമുള്ളത്. മറ്റ് എല്‍ സികള്‍ എതിര് ചേരിയെയാണ് അനുകൂലിക്കുന്നത്.
നഗരസഭ പ്രദേശത്തെ എക്സ്-റേ, ടൗണ്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഔദ്യോഗീക ചേരിക്കും, ടൗണ്‍ വെസ്റ്റ്, കരുവ കമ്മറ്റികള്‍ ഏരിയാ നേതൃത്വത്തെ അനുകൂലിക്കുന്നവര്‍ക്കും ഒപ്പമാണ്. ഗ്രൂപ്പ് സമവാക്യങ്ങള്‍ മാറി മറിയുന്നതിനിടെ സമ്പൂര്‍ണ ആധിപത്യം ഉറപ്പാക്കാന്‍ വിഎസ്-ഐസക് പക്ഷവും, പ്രാദേശിക കമ്മറ്റികളെ ഒപ്പം നിര്‍ത്തി ഏരിയാ നേതൃത്വം കൈപ്പടിയിലൊതുക്കാന്‍ ഔദ്യോഗീക പക്ഷവും നീക്കം തുടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: