ന്യൂദല്‍ഹി: കുമരമംഗലം ബിര്‍ള അടക്കമുള്ളവര്‍ക്കെതിരായ കല്ക്കരിക്കേസുകള് അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെട്ട വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന് സിബിഐ. കേസന്വേഷിക്കുന്ന ഡിഐജി, എസ്.പി എന്നിവരുമായി ചര്‍ച്ച ചെയ്ത ശേഷം വിശദീകരണം നല്‍കാമെന്ന് സിബിഐ സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര് എസ് ചീമ സിബിഐ കോടതി ജഡ്ജി ഭരത് പരാശറിനെ അറിയിച്ചു. കേസ് പരിഗണിക്കുന്ന ഒക്ടോബര്‍ 13നകം വിശദീകരണം നല്‍കാനാണ് കോടതിയുടെ പുതിയ നിര്‍ദ്ദേശം.
കുമരമംഗലം ബിര്ളയടക്കമുള്ളവര്ക്കെതിരായ കേസുകള്‍ അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി കോടതിയില്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട് കല്‍ക്കരി മന്ത്രാലയത്തില്‍ നിന്നും രേഖകള്‍ കാണാതായതാണ് പ്രതികള്‍ക്കെതിരായ തെളിവുകള്‍ ഇല്ലാത്തിന്റെ പ്രധാന കാരണമായി സിബിഐ പറയുന്നത്. ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥന് കോടതിയെ അറിയിക്കുകയും ചെയ്തു. ഇതു പരിഗണിച്ച കോടതി ചില കാര്യങ്ങളില്‍ സിബിഐയോട് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇന്നലെ കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ വിശദീകരണം നല്കാന് കൂടുതല്‍ സമയം വേണമെന്ന് വിശദീകരണം നല്കാന് സമയം ആവശ്യമാണെന്നാണ് സിബിഐ അഭിഭാഷകന് കോടതിയെ അറിയിക്കുകയായിരുന്നു. സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയെ കല്‍ക്കരിക്കേസ് പ്രതികള്‍ വീട്ടിലെത്തി നിരന്തരം സന്ദര്ശിച്ചരേഖകള് പുറത്തുവന്നതും കേസുകള്‍ അവസാനിപ്പിക്കുന്നതു തടയാന്‍ കോടതിയെ പ്രേരിപ്പിച്ചിട്ടുണ്ട്.
ബിര്‍ളയ്ക്ക് പുറമേ മുന്‍ കല്‍ക്കരി സെക്രട്ടറി പി.സി പരേഖ് ഉള്‍പ്പെടെയുള്ള പ്രതികളാണ് കേസിലുള്ളത്. സപ്തംബര്‍ 12 ന് കേസ് പരിഗണിച്ചപ്പോള്‍ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കുകയാണെന്ന് സിബിഐ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ അനാവശ്യ ധൃതി വേണ്ടെന്നു വ്യക്തമാക്കിയ കോടതി ചില ചോദ്യങ്ങളും സിബിഐയോട് ചോദിച്ചു. നാഗ്പൂര്‍ ആസ്ഥാനമായ എഎംആര്‍ അയണ്‍ ആന്റ് സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കെതിരായ കേസുകള്‍ പിന്‍വലിക്കണമെന്ന ആവശ്യവും കോടതി ഇന്നലെ പരിഗണിച്ചു.
2005ല്‍ താലാബിറയില് കല്ക്കരിഖനികള് സ്വന്തമാക്കിയ കേസിലാണ് ബിര്‍ള, കല്‍ക്കരി സെക്രട്ടറി പരേഖ് എന്നിവര്‍ പ്രതികളാണെന്ന് കണ്ടെത്തി സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: