ന്യൂദല്‍ഹി: ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ മുന്‍ ധനമന്ത്രി പി.ചിദംബരത്തിന്റെ ഭാര്യയും അഭിഭാഷകയുമായ നളിനി ചിദംബരത്തെ സിബിഐ ചോദ്യം ചെയ്തു. ശാരദ ചിട്ടിഫണ്ട് ഉടമ സുദീപ്ത സെന്നില്‍ നിന്നും ഒരു കോടി രൂപ വാങ്ങിയെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നളിനി ചിദംബരത്തെ ചോദ്യം ചെയ്തത്. നളിനിക്ക് ശാരദാ ചിട്ടിത്തട്ടിപ്പുമായി ബന്ധമുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപണമുന്നയിച്ചിരുന്നു.
കോണ്‍ഗ്രസ് നേതാവായ മാതംഗ് സിങ്ങിന്റെ ഭാര്യ മനോരഞ്ജന സിങിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നളിനി ചിദംബരത്തിന് ശാരദാ മേധാവി പണം നല്‍കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു. ശാരദാ ചിട്ടിഫണ്ട് മേധാവ് സിബിഐക്കയച്ച 18 പേജുവരുന്ന കത്തില്‍ നളിനി ചിദംബരത്തിന്റെ കൊല്‍ക്കത്ത സന്ദര്‍ശനത്തിന്റെ മുഴുവന്‍ ചിലവുകളും വഹിച്ചിരുന്നത് ശാരദാ ചിട്ടിഫണ്ടായിരുന്നു എന്ന് വ്യക്തമാക്കിയിരുന്നു. കൊല്‍ക്കത്ത നഗരത്തിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസമുള്‍പ്പെടെയുള്ള ചിലവുകള്‍ തങ്ങളാണ് നിര്‍വഹിച്ചതെന്ന് സുദീപ്ത സെന്‍ പറയുന്നു. ഇതിനു പുറമേ മനോരഞ്ജനാ സിങ്ങിന്റെ കമ്പനിയില്‍ 42 കോടി രൂപ നിക്ഷേപിക്കാന്‍ നളിനി ചിദംബരം തന്നോട് നിര്‍ദ്ദേശിച്ചു. യാതൊരു സാമ്പത്തിക അടിത്തറയുമുള്ള കമ്പനിയായിരുന്നില്ല മനോരഞ്ജ സിങ്ങിന്റേതെന്നും സുദീപ്ത സെന്‍ സിബിഐയോട് പറഞ്ഞു. ഗുവാഹതി കേന്ദ്രമാക്കി ടെലിവിഷന്‍ ചാനല്‍ ആരംഭിക്കുന്നതിനായാണ് പണം ആവശ്യപ്പെട്ടതെന്നും പിന്നീട് വ്യക്തമായി. ശാരദാ മേധാവിയുടെ വെളിപ്പെടുത്തലുകളെല്ലാം സത്യമാണെന്ന് സിബിഐ അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
മുന്‍ കേന്ദ്രധനമന്ത്രി പി. ചിദംബരത്തിന്റെ ഭാര്യ നളിനിയും ശാരദാ ചിട്ടിഫണ്ട് ഉടമസുദീപ്ത സെന്നുമായുള്ള ബന്ധമെന്താണെന്ന് ശാരദാ ചിട്ടിത്തട്ടിപ്പ് പുറത്തുവന്നയുടന്‍തന്നെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരാഞ്ഞിരുന്നതാണ്. എന്നാല്‍ മനോരഞ്ജനയുടെ കമ്പനിയില്‍ ശാരദാ ചിട്ടിഫണ്ട് തുക മുടക്കുന്നതുമായി ബന്ധപ്പെട്ട കമ്പനികാര്യ നിയമവശങ്ങള്‍ ഇരുകൂട്ടരോടും പറയുന്നതിനായാണ് കല്‍ക്കത്ത പോയതെന്നും ഒരു കോടി രൂപ ഫീസിനത്തിലാണ് വാങ്ങിയതെന്നുമാണ് നളിനി ചിംദബരത്തിന്റെ നിലപാട്. മനോരഞ്ജയുടെ കമ്പനിയില്‍ പണം നിക്ഷേപിക്കരുതെന്ന ഉപദേശമാണ് ശാരദ ചിട്ടിഫണ്ടിനു നല്‍കിയതെന്നും നളിനി ചിദംബരം സിബിഐയോട് വ്യക്തമാക്കിയതായാണ് വിവരം. എന്നാല്‍ നളിനി ചിദംബരം പറയുന്ന അതേ ജോലിക്കായി ബാംഗ്ലൂര്‍ ആസ്ഥാനമായ ഒരു ഓഡിറ്റ് സ്ഥാപനത്തിന് ശാരദാ ചിട്ടിഫണ്ട് പണം കൈമാറിയിട്ടുണ്ട്. അതായത് നളിനി ചിദംബരത്തിന് നല്കിയ പണം നളിനി ചിദംബരം അവകാശപ്പെടുന്നപോലെ കമ്പനികാര്യ വിഷയങ്ങള്‍ ഇരു കക്ഷികള്‍ക്കും വിശദീകരിച്ചതിനു ലഭിച്ച ഫീസല്ലെന്ന് വ്യക്തം. സിബിഐയുടെ ഈ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നളിനി ചിദംബരത്തെ ചോദ്യം ചെയ്തത്.
പണം വാങ്ങിയതായി നളിനി സിബിഐ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്. മുതിര്‍ന്ന അഭിഭാഷകര്‍ കക്ഷികളുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താറില്ലെന്ന പതിവു നളിനി ചിദംബരം പാലിച്ചിട്ടില്ലെന്നാണ് ആരോപണം. നിരവധി പ്രഗല്ഭരായ അഭിഭാഷകരുണ്ടായിട്ടും ചെന്നൈയില്‍ നിന്നും ചിദംബരത്തിന്റെ ഭാര്യയെത്തന്നെ ശാരദാ ചിട്ടിഫണ്ട് വിഷയത്തില്‍ എത്തിച്ചതിലും ദുരൂഹത ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: