സംഗീത് രവീന്ദ്രന്
തൊടുപുഴ : തൊടുപുഴ, മൂലമറ്റം ഡിപ്പോയിലെ ഇരുപത്തിയഞ്ചോളം ബസുകള്‍ ഇന്ധനം നിറയ്ക്കുന്നിനായി ദിവസവും മൂവാറ്റുപുഴയ്ക്ക് ഓടുന്നതുമൂലം കെഎസ്ആര്‍ടിസിക്ക് വമ്പന്‍ നഷ്ടം. അധികൃതരുടെ ദൂര്ത്തിനെത്തുടര്ന്ന് പതിനാറ് ലക്ഷത്തോളം രൂപയാണ് മൂവാറ്റുപുഴയോട്ടത്തില് പുകഞ്ഞ് തീരുന്നത്. തൊടുപുഴയില്‍ കെ.എസ്.ആര്.ടി.സി യുടെ ബസ് ടെര്‍മ്മിനല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിലവില്‍ തൊടുപുഴ ഡിപ്പോയില്‍ ഉണ്ടായിരുന്ന പമ്പിന്റെ പ്രവര്‍ത്തനം രണ്ട് വര്‍ഷം മുന്‍പ് നിര്‍ത്തിയിരുന്നു. കെ.എസ്.ആര്.ടി.സി ഡീസല്‍ വിതരണം നിര്‍ത്തിയ സമയത്ത് തൊടുപുഴയിലെ 2 സ്വകാര്യ പമ്പുകളും, മൂലമറ്റത്തെ 2 സ്വകാര്യ പമ്പുകളുമായിരുന്നു അനുവദിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞയാഴ്ച കോര്പ്പറേഷന് വീണ്ടും ഡീസല്‍ വിതരണം ആരംഭിച്ചപ്പോള്‍ ഈ സ്വകാര്യ പമ്പുകളെ ഒഴി
വാക്കി. തൊടുപുഴയിലെയും മൂലമറ്റത്തെയും ഇരുപത്തിയഞ്ചോളം ബസുകള്‍ കിലോ മീറ്ററുകള്‍ താണ്ടി മൂവാറ്റുപുഴ ഡിപ്പോയില്‍ നിന്ന് ഇന്ധനം അടിയ്ക്കണമെന്നതാണ് സ്ഥിതി. മൂവാറ്റപുഴയോട്ടത്തില് സാമ്പത്തിക നഷ്ടത്തിന് പുറമെ സര്‍വ്വീസുകള്‍ കാര്യക്ഷമമായി ഓപ്പറേറ്റ് ചെയ്യുവാന്‍ ആകുന്നില്ല.
നഷ്ടക്കണക്ക് കേട്ടാല്‍
കണ്ണ്തള്ളും
കെ.എസ്.ആര്.ടി.സി പമ്പുകളില്‍ നിന്നും ഡീസല്‍ നിറക്കുമ്പോള്‍ വിപണി വിലയേക്കാള്‍ 1.25 പൈസ യാണൂ ലഭിക്കുന്ന ലാഭം. സ്വകാര്യ പമ്പുകള്‍ മുന്‍പ് 35 പൈസ മുതല്‍ 40പൈസ വരെ ഡിസ്കൗണ്ട് നല്‍കിയിരുന്നു. ഇപ്പോള്‍ മൂവാറ്റുപുഴയില്‍ പോയി അടിക്കുമ്പോള്‍ ഒരു ലിറ്ററിനു 85പൈസ മാത്രമാണ് ലാഭം. 100 ലിറ്റര്‍ ഡീസല്‍ നിറക്കുന്ന വാഹനത്തിനു 85രൂപാ മാത്രമാണു ലാഭം. ഒരു വാഹനം 40 കിലോമീറ്റര്‍ ഓടുന്നതിനു 10 ലിറ്റര്‍ ഡീസല്‍ ഉപയോഗിക്കുമ്പോള്‍ അതിനു വരുന്ന അധികചിലവ് 600 രൂപയും. 25 വാഹനങ്ങള്‍ക്ക് പ്രതിമാസം 4,50,000 രൂപയാണു നഷ്ടം വരുന്നത്. നിലവില്‍ ഓടികൊണ്ടിരിക്കുന്ന സര്‍വ്വീസുകളില്‍ മാറ്റം വരുത്തി ഓടുന്നതിനാല്‍ പ്രതിദിനം 1000 രൂപയുടെ വരുമാന നഷ്ടവും ഓരോ ബസുകള്‍ക്കും ഉണ്ടാകുന്നുണ്ട്. അതുമൂലം പ്രതിമാസം 7,50,000 രൂപയുടെ നഷ്ടമാണുണ്ടാകുന്നത്. സ്വകാര്യപമ്പുകളില്‍ നിന്നും ഡീസല്‍ അടിക്കുന്നതിനേക്കാള് മെയിലേജില് ഉണ്ടാകുന്ന കുറവ് മൂലം ഓരോ വാഹനങ്ങളിലും 8മുതല്‍10 ലിറ്റര്‍ വരെ കൂടുതല്‍ ഡീസല്‍ അടിക്കേണ്ടി വരുന്നത് അധിക ബാധ്യതയാണു വരുന്നത്.
ഇതുമൂലം 450000 രൂപയാണു നഷ്ടം കണക്കാക്കുന്നത്. ഗ്രാമപ്രദേശങ്ങളിലൂടെയുള്ള സര്‍വ്വീസുകള്‍ വെട്ടികുറച്ചുകൊണ്ട് ഡീസല്‍ അടിക്കാന്‍ മൂവാറ്റുപുഴക്ക് പോകുന്നതുമൂലം ഉണ്ടാകുന്ന യാത്രാദുരിതം ഗ്രാമീണവാസികളായ ജനങ്ങളെ സാരമായി ബാധിച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ഇതിലുള്ള പ്രതിഷേധം രൂക്ഷമാകാന്‍ ഇടയുണ്ട്.
പമ്പ് തുറക്കാമെന്ന്
പറഞ്ഞിട്ടും അനക്കമില്ലാതെ
അധികൃതര്‍
തൊടുപുഴയിലെ പമ്പ് മൂലമറ്റം ഡിപ്പോയിലേക്ക് താത്കാലികമായി മാറ്റാന്‍ ഏകദേശ ധാരണയായിരുന്നു. ചിലര്‍ ഇടങ്കോലിട്ടതാണ് ഈ നീക്കം മരവിച്ച് നില്ക്കാന് കാരണമായിരിക്കുന്നത്. തൊടുപുഴയിലെ പമ്പ് സ്ഥാപിക്കാന്‍ കമ്പനിക്കാര് തയ്യാറാണെങ്കിലും ഡിപ്പോയുടെ പണിനടക്കുന്നതിനാല്‍ സ്ഥലപരിമിതിയുടെ പേരില്‍ അതിനു തടസ്സം നില്ക്കുന്ന നിലപാടാണ് കോര്പ്പറേഷന് കൈകൊള്ളുന്നത്. പുതിയ ഡിപ്പോയുടെ ഗ്രൗണ്ട് വര്‍ക്കുകള്‍ പൂര്‍ത്തിയായ സ്ഥിതിക്ക് പമ്പിനു അനുയോജ്യമായ സ്ഥലം കണ്ടെത്തി പമ്പ് സ്ഥാപിക്കാമെന്നിരിക്കെ വിമുഖത കാട്ടുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: