ന്യൂദല്‍ഹി: ഭാരതത്തിലെ മുസ്ലിങ്ങള്‍ രാജ്യത്തിനു വേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യുന്നവരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭാരതത്തിനെതിരെ അവര്‍ യാതൊന്നും ചെയ്യില്ല. പ്രധാനമന്ത്രിപദത്തിലേറിയ ശേഷം ആദ്യമായി അനുവദിച്ച ടെലിവിഷന്‍ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിഎന്‍എന്‍-ഐബിഎന്‍ ചാനലിനു വേണ്ടി ഫരീദ് സക്കറിയ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്.
ഭാരതത്തില്‍ സംഘടനയുണ്ടാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകാന്‍ അല്‍ഖ്വയ്ദയ്ക്ക് കഴിയുമോയെന്ന ചോദ്യത്തിനുള്ള മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു, ‘നമ്മുടെ രാജ്യത്തെ മുസ്ലിങ്ങളോട് അവര്‍ അനീതി കാണിക്കുകയാണെന്നാണ് ഞാന്‍ മനസിലാക്കിയത്. അവരുടെ താളത്തിനൊത്ത് ഭാരതമുസ്ലിങ്ങള് തുള്ളുമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതുവെറും തോന്നല്‍ മാത്രം. ഭാരതത്തിലെ മുസ്ലിങ്ങള്‍ ഭാരതത്തിനുവേണ്ടി ജീവിക്കുകയും മരിക്കുകയും ചെയ്യും. ഭാരതത്തെ മോശമായി ബാധിക്കുന്ന ഒന്നും അവരാഗ്രഹിക്കുന്നില്ല’.
അല്‍ഖ്വയ്ദ പോലുള്ള ഭീഷണികള്‍ക്കെതിരെ മനുഷ്യത്വത്തില്‍ വിശ്വസിക്കുന്നവര്‍ ഒറ്റക്കെട്ടായി നിലകൊള്ളും. അല്‍ഖ്വയ്ദ മാനവ സമൂഹത്തിന് വെല്ലുവിളിയാണ്. അതുകൊണ്ടുതന്നെ ഇത്തരം ശക്തികള്‍ക്കെതിരായ പോരാട്ടം മനുഷ്യത്വവും മനുഷ്യത്വമില്ലായ്മയും തമ്മിലുള്ള യുദ്ധമായാണ് കണക്കാക്കേണ്ടത്, മോദി പറഞ്ഞു.
ഭാരത-അമേരിക്ക ബന്ധം ദൃഢമായി മുന്നോട്ടുപോകുമെന്നും മോദി അഭിമുഖത്തില്‍ വ്യക്തമാക്കി. ദല്‍ഹിയും വാഷിങ്ടണും തമ്മിലെ സഹകരണമെന്നതിനപ്പുറമുള്ള ബന്ധങ്ങള്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകുമെന്നും അമേരിക്കന്‍ സന്ദര്‍ശനത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ നല്കിയ അഭിമുഖത്തില്‍ നരേന്ദ്ര മോദി പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: