കൊച്ചി: വൈവിദ്ധ്യമാര്‍ന്ന കേരോത്പന്നങ്ങളുടെ നിര്‍മ്മാണവും സംസ്കരണവും ഗവേഷണവും വിപണനവും പ്രാത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാളികേര ടെക്നോളജി മിഷന് പദ്ധതിയുടെ 43-ാമത് പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി 36.46 കോടി രൂപയുടെ 27 പ്രോജക്ടുകള്‍ക്ക് അനുമതി നല്കി. ഇതിനായി 6.61 കോടി രൂപയുടെ സബ്സിഡിയും അനുവദിച്ചു. ഇതില്‍ത്തന്നെ ആറു ഗവേഷണ പദ്ധതികളും നാളികേര സംസ്കരണവും ഉത്പ്പന്ന വൈവിധ്യവത്കരണത്തിനു കീഴില്‍ 21 പദ്ധതികളും ഉള്‍പ്പെടുന്നു.
നാളികേര വികസനബോര്‍ഡ് ചെയര്മാന് ടി. കെ. ജോസ് അദ്ധ്യക്ഷനായ പ്രോജക്ട് അപ്രൂവല്‍ കമ്മിറ്റി നടത്തിയ പദ്ധതികളുടെ വിശകലനത്തിനുശേഷമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. 26000 ലിറ്റര്‍ നീര പ്രതിദിനം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്ന് നീര പ്രൊജക്ടുകളും 1,60,000 നാളികേരം ദിവസേന സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള ആറു ഡെസിക്കേറ്റഡ് കോക്കനട്ട് പൗഡര്‍ നിര്‍മ്മാണ യൂണിറ്റുകള്‍ക്കും 15000 നാളികേരം ദിവസേന സംസ്കരിച്ചെടുക്കാവുന്ന രണ്ടു വെര്‍ജിന്‍ കോക്കനട്ട് ഓയില്‍ യൂണിറ്റുകള്‍ക്കും ദിവസേന 20000 നാളികേരത്തില്‍ നിന്നുള്ള കരിക്കിന്‍വെള്ളം സംസ്കരിച്ച് പാക്ക് ചെയ്ത് സൂക്ഷിക്കാവുന്ന രണ്ട് യൂണിറ്റുകള്‍ക്കും പ്രതിദിനം 46 മെട്രിക് ടണ്‍ ചിരട്ട സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള മൂന്ന് യൂണിറ്റുകള്‍ക്കും 43.60 ലക്ഷം നാളികേരം പ്രതിവര്‍ഷം സംസ്കരിച്ചെടുക്കാന്‍ ശേഷിയുള്ള നാല് കൊപ്ര/ഉണ്ടകൊപ്ര യൂണിറ്റുകള്‍ക്കും 40000 നാളികേരം ദിവസേന സംസ്കരിച്ചെടുക്കാവുന്ന ഒരു ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രൊസ്സസിംഗ് യൂണിറ്റിനുമാണ് അനുമതി നല്‍കിയത്.
മൈസൂര്‍ സി.എഫ്.റ്റി.ആര്.ഐ യിലെ സയന്റിസ്റ്റ് ഡോ.എ.ജി.ഗോപാലകൃഷ്ണന്, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം മേധാവി ഡോ.വി. കൃഷ്ണകുമാര്‍, തിരുവനന്തപും നബാര്‍ഡിലെ എ.ജി.എം ഡോ.പി. ഉഷാമണി, കൊച്ചി ഡയറക്ടറേറ്റ് ഓഫ് മാര്‍ക്കറ്റിംഗ് ആന്റ് ഇന്‍സ്പെക്ഷനിലെ അസി. അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് അഡൈ്വസര്‍ ഡോ. അനില്‍കുമാര്‍ ആര്, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എറണാകുളം ചീഫ് മാനേജര്‍ മാത്യു, നാളികേര വികസന ബോര്‍ഡ് ചീഫ് കോക്കനട്ട് ഡെവലപ്മെന്റ് ഓഫീസര്‍ സുഗതഘോഷ്, മുന്‍ ചെയര്മാന് ഡോ.എം.അരവിന്ദാക്ഷന്, സെക്രട്ടറി ഡോ.എ.കെ. നന്തി, ഡെപ്യൂട്ടി ഡയറക്ടര്‍ ഹേമചന്ദ്ര, അമൃത ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ.ഡി.എം.വാസുദേവന്‍ എന്നിവര്‍ കമ്മറ്റിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: