ആലപ്പുഴ: സംസ്ഥാനത്ത് പാല് ഉത്പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും പന്ത്രണ്ടാം പദ്ധതി പൂര്‍ത്തിയാകുന്നതോടെ നമുക്കാവശ്യമായ പാല് വാങ്ങാന്‍ അന്യസംസ്ഥാനങ്ങളില്‍ പോകേണ്ട സാഹചര്യം ഒഴിവാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.
പട്ടണക്കാട് മില്‍മ കാലിത്തീറ്റ ഫാക്ടറിയില്‍ പുതുതായി സ്ഥാപിച്ച ആധുനിക പെല്ലറ്റ് മില്ലിന്റെയും മൊളാസസ് ടാങ്കിന്റെയും പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. 2010-2011ല്‍ പ്രതിദിനം ഏഴും എട്ടും ലക്ഷം ലിറ്റര്‍ പാലാണ് അന്യസംസ്ഥാനങ്ങളില്‍ നിന്നു മില്‍മ വാങ്ങി വിതരണം ചെയ്തിരുന്നത്. ഇപ്പോള്‍ പാല് വാങ്ങുന്നത് ഒന്നര- രണ്ടു ലക്ഷമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പാല് വില വര്‍ദ്ധിച്ചതോടെ കര്‍ഷകനു കൃഷിയില്‍ താത്പര്യം കൂടി. ഇത് പാലുത്പാദനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. മലബാര്‍ മേഖലയില്‍ ഇന്ന് ആവശ്യമായതില്‍ കൂടുതല്‍ പാല് ഉത്പാദിപ്പിക്കുന്നുണ്ട്. പാലിന്റെ വില വര്‍ദ്ധിപ്പിക്കുമ്പോള്‍ കാലിത്തീറ്റയുടെ വിലയും കൂടുകയാണെന്ന ക്ഷീരകര്‍ഷകരുടെ പരാതി പരിഹരിക്കാന്‍ നടപടി സ്വീകരിക്കും. ഇപ്പോള്‍ സംസ്ഥാനത്ത് ആവശ്യമായ കാലിത്തീറ്റയുടെ 40 ശതമാനം മാത്രമാണ് പൊതുമേഖലയില്‍ ഉത്പാദിപ്പിക്കുന്നത്.
നവീകരിച്ച ക്വാളിറ്റി കണ്ട്രോള് ലാബ് കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു. മില്‍മ പുതുതായി വിപണിയില്‍ എത്തിക്കുന്ന കാലിത്തീറ്റ സപ്ലിമെന്റായ ബൈ പാസ് ഫാറ്റ് ക്ഷീരസമൃദ്ധിയുടെ വിപണനോദ്ഘാടനം എ.എം. ആരിഫ് എംഎല്‍എ നിര്‍വ്വഹിച്ചു. മില്‍മ ചെയര്മാന് പി.ടി. ഗോപാലക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: