ന്യൂദല്‍ഹി: തന്ത്ര പ്രധാന മേഖലകളില്‍ സഹകരണം ഉറപ്പാക്കുന്ന പന്ത്രണ്ട് കരാറുകളില്‍ ഭാരതവും ചൈനയും ഒപ്പുവച്ചു. റെയില്‍വേ മേഖലയിലെ സഹകരണത്തിന് രണ്ട് രാജ്യങ്ങളും തമ്മില്‍ പരസ്പരം ആദരവ് നിലനിര്‍ത്തും. ചൈനയിലെ ഷാങ്ഹായ് നഗരവും മുംബൈയും തമ്മില്‍ സൗഹൃദകരാര്‍ ഒപ്പുവച്ചു.
പഞ്ചവത്സര വാണിജ്യ സ്വീകരണ കരാറുകളിലും റെയില്‍വ മാധ്യമമേഖലകളില്‍ സ്വീകരണത്തിനും കൈലാസ് മാനസസരോവര്‍ യാത്രക്ക് പുതിയ പാത നിര്‍മ്മിക്കുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും കരാറുകളില്‍ ഒപ്പിട്ടു. ഭാരതത്തില്‍ ചൈന രണ്ട് വാണിജ്യ പാര്‍ക്കുകളും തുടങ്ങും. ഭാരതവും ചൈനയും ലോകത്തെ ഏറ്റവും വലിയ വികസ്വര രാജ്യങ്ങളാണെന്നു പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ചൈന 1.14 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കുമെന്നും അറിയിച്ചു.
ഭാരത-ചൈന ബന്ധത്തില്‍ പുതുയുഗം പുലരണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പ്രഥമപരിഗണന സമാധാനത്തിനാണ്. ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങളില്‍ ആശങ്ക അറിയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. സംയുക്ത വാര്‍ത്താ സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്.
ലഡാക്ക് അടക്കമുള്ള മേഖലകളില്‍ ചൈനയുടെ കടന്നുകയറ്റം അംഗീകരിക്കാനാവില്ലെന്ന് മോദി ചൈനയെ അറിയിച്ചു. അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കണമെന്നും യഥാര്‍ത്ഥ നിയന്ത്രണരേഖ ഉടന്‍ വ്യക്തമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. അതിര്‍ത്തി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇരു രാജ്യങ്ങളും കഴിവുള്ളവരാണെന്നും എത്രയും വേഗം അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ചൈന സന്നദ്ധമാണെന്നും സി ജിന്‍പിങ് ഇതിന് മറുപടി നല്കി.
ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമാവാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന പൂര്‍ണമായും പിന്തുണയ്ക്കും. 2015ല്‍ ഇന്ത്യയില്‍ നിന്നുള്ള നേതാക്കള്‍ ചൈന സന്ദര്‍ശിക്കും. 2016ല്‍ ചൈനീസ് നേതാക്കള്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനും ധാരണയായി. 1500 ചൈനീസ് അദ്ധ്യാപകള്ക്ക് പരിശീലനം നല്കാന് ഇന്ത്യയെ ചൈന സഹായിക്കുന്നതോടൊപ്പം ചൈനയില്‍ നിന്നുള്ള അദ്ധ്യാപകരെ ഇന്ത്യയിലേക്ക് അയയ്ക്കാനും ധാരണയായി.
വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: