ന്യൂദല്‍ഹി: ഭാരതം സാമൂഹ്യസമരസതയിലേക്കുള്ള യാത്ര തുടങ്ങിക്കഴിഞ്ഞതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. മഹാത്മാ അയ്യങ്കാളിയുടെ 152- ാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് കേരള പുലയര്‍ മഹാസഭ (കെപിഎംഎസ്) യും ബിജെപി ദേശീയ പട്ടികജാതിമോര്‍ച്ചയും ചേര്‍ന്ന് ദല്‍ഹി വിജ്ഞാന് ഭവനില്‍ സംഘടിപ്പിച്ച ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. തലസ്ഥാനത്ത്, ഒരു പ്രധാനമന്ത്രി പങ്കെടുക്കുന്ന അയ്യങ്കാളി ജയന്തി സമ്മേളനം ഇതാദ്യമാണ്. മഹാത്മാ അയ്യങ്കാളിക്കും ശ്രീനാരായണ ഗുരുദേവനും പ്രധാനമന്ത്രി സ്മരണാഞ്ജലിയര്‍പ്പിച്ചു.
സമത (സമഭാവം) യും മമത (മാതൃഭാവ ം)യും നമ്മെ സമരസതയിലേക്ക് നയിക്കും. ഭരണഘടന സകലര്‍ക്കും ഉറപ്പ് നല്കുന്ന ഒന്നാണ് സമത്വം. എന്നാല്‍ സമത്വം ഒന്നു കൊണ്ടുമാത്രം സമരസത ഉണ്ടാവില്ല, അദ്ദേഹം പറഞ്ഞു.
സാമൂഹ്യതിന്മകളെയെല്ലാം അകറ്റി സമൂഹത്തെ ശുദ്ധീകരിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച മഹാത്മാക്കളില്‍ ഒരാളായിരുന്നു അയ്യങ്കാളി.
ഓരോ കാലത്തും തിന്മകളെ പൊരുതിത്തോല്പ്പിക്കാനും പഴകിത്തുരുമ്പിച്ച അനാചാരങ്ങളില്‍ നിന്നും നമ്മെ മോചിപ്പിക്കാനും വികസനത്തിന് നമ്മെ പ്രചോദിപ്പിക്കാനും നമുക്കിടയില്‍ നിന്നുതന്നെ മഹാത്മാക്കള്‍ ഉയര്‍ന്നുവരും. ഇതാണ് നമ്മുടെ സാംസ്കാരിക പാരമ്പര്യത്തെ ആയിരക്കണക്കിന് വര്‍ഷങ്ങളായി സംരക്ഷിച്ചുനിര്‍ത്തുന്നത്, മോദി പറഞ്ഞു.
സാമൂഹ്യ പരിഷ്കരണത്തിന് അയ്യങ്കാളി വഹിച്ച പങ്ക് നിസ്തുലമാണ്. 1930ലെ ദണ്ഡി മാര്‍ച്ച് നമ്മുടെ സ്വാതന്ത്ര്യ സമരത്തില്‍ നിര്ണ്ണായകമായതു പോലെ, ഗാന്ധിജി ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തുന്നതിന് രണ്ടു വര്‍ഷം മുന്‍പ് 1913ല്‍ അയ്യങ്കാളി സംഘടിപ്പിച്ച കായല്‍ സമ്മേളനം ഭാരതത്തിലെ സാമൂഹ്യ പരിഷ്ക്കരണത്തില്‍ വലിയ വഴിത്തിരിവായി. സമ്മേളനത്തിന് സ്ഥലം അനുവദിക്കാത്തതിനെത്തുടര്‍ന്ന് അദ്ദേഹം വള്ളങ്ങളിലാണ് പൊതുസമ്മേളനം വിളിച്ചു ചേര്‍ത്തത്.
സാമൂഹ്യ വിവേചനത്തിന് എതിരെയും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശങ്ങള്‍ക്കായും പോരാടുമ്പോള്‍ത്തന്നെ പരസ്പരമുള്ള സ്പര്‍ദ്ധ സമൂഹത്തില്‍ കടന്നുകയറാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചു., മോദി തുടര്‍ന്നു.
ചടങ്ങില്‍ കെപിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുറവൂര്‍ സുരേഷ്, ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം. വേലായുധന് തുടങ്ങിയിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: