വാഷിംഗ്ടണ്‍: ഈ മാസം അമേരിക്കയില്‍ പര്യടനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് വന്‍ വരേവല്പ്പ്. 29-നാണ് ഭാരതപ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും തമ്മിലുള്ള കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തുന്ന മോദിക്കുവേണ്ടി ഒബാമയുടെ പ്രത്യേക വിരുന്നുസല്ക്കാരവും ഉണ്ടാകും. 27-ന് ആരംഭിക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിനുശേഷമാണ് മോദി അമേരിക്കയിലേക്ക് തിരിക്കുന്നത്. 29-ന് ന്യുയോര്ക്കിലെത്തുന്ന മോദിയുമായി അന്നു രാത്രി ഒബാമ ആദ്യ കൂടിക്കാഴ്ച നടത്തും.
ഔദ്യോഗികമായ രണ്ട് കൂടിക്കാഴ്ചകള്‍ക്കു പുറമെയാണ് മോദിക്കുവേണ്ടി ഗംഭീരവിരുന്നും ഒബാമ ഒരുക്കിയിരിക്കുന്നത്. 29-നും 30-നും വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടക്കുമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. മോദിയെ ഔദ്യോഗികമായി സ്വീകരിക്കുന്ന ചടങ്ങായിരിക്കും അന്നേദിവസം ഉച്ചക്ക് വൈറ്റ് ഹൗസില്‍ നടക്കുക. അന്നുതന്നെ ആദ്യത്തെ ഔദ്യോഗിക കൂടിക്കാഴ്ചയും ചര്‍ച്ചയും നടക്കും. തൊട്ടടുത്ത ദിവസം രണ്ടാമത്തെ കൂടിക്കാഴ്ചയും നടക്കുമെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
അമേരിക്കയും ഭാരതവും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക, ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുക എന്നിവയാണ് കൂടിക്കാഴ്ചകളുടെ പ്രധാന അജണ്ട. സാമ്പത്തിക പുരോഗതി, സുരക്ഷാ സഹകരണം, ഇരു രാജ്യങ്ങള്‍ക്കും ലോകത്തിനും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന കരാറുകളിലും പദ്ധതികളിലും ഒപ്പുവെക്കുക എന്നിവയും മറ്റ് അജണ്ടകളാണ്. അഫ്ഗാനിലെ സൈനിക വിഷയം, സിറിയ, ലിബിയ എന്നിവിടങ്ങളിലെ വിഷയങ്ങളും പ്രധാനമായും ചര്‍ച്ച ചെയ്യും. ഗുണപരമായ കാര്യങ്ങള്‍ക്കുവേണ്ടി ഭാരതവും അമേരിക്കയും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് വൈറ്റ്ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു.
സപ്തംബര്‍ 29-ന് ന്യുയോര്ക്കിലെത്തുന്ന മോദി ബ്ലെയര്ഹൗസിലായിരിക്കും തങ്ങുക. അന്നുരാത്രി ഒബാമയുടെ നേതൃത്വത്തില്‍ വൈറ്റ്ഹൗസില്‍ വിപുലമായ വിരുന്ന്. തുടര്‍ന്ന് വൈസ് പ്രസിഡന്റ് ജോ ബിഡന്റെ നേതൃത്വത്തില്‍ ഉച്ചഭക്ഷണം. ഹൗസ് സ്പീക്കര്‍ ജോണ്‍ ബോണെര് തുടങ്ങിയ നേതാക്കളും മോദിയുമായി കാപ്പിറ്റല്‍ ഹില്ലില്‍ കൂടിക്കാഴ്ച നടത്തും. യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അന്ന് വൈകിട്ട് മോദിയുടെ ചര്‍ച്ച സംഘടിപ്പിച്ചിട്ടുണ്ട്. ആദ്യദിവസത്തെ സ്വകാര്യപരിപാടികളും ഔദ്യോഗിക പരിപാടികളും അതോടെ അവസാനിക്കും.
27-ന് നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലി സമ്മേളനത്തിലാണ് നരേന്ദ്രമോദി ആദ്യം പങ്കെടുക്കുന്നത്. അസംബ്ലി സമ്മേളനത്തില്‍ മോദി പ്രസംഗിക്കും. ഹിന്ദിയിലാണ് പ്രസംഗിക്കുക. തുടര്‍ന്ന് ജി-4 രാജ്യങ്ങളുമായി മോദി കൂടിക്കാഴ്ച നടത്തും.
28-ന് ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ മാഡിസണ്‍ സ്ക്വയര്‍ ഗാര്‍ഡനില്‍ സംഘടിപ്പിച്ചിരിക്കുന്ന പൊതുപരിപാടിയിലും മോദി പങ്കെടുക്കും. തുടര്‍ന്ന് അമേരിക്കയിലെ ഇന്ത്യന്‍ സ്ഥാനപതി നല്കുന്ന വിരുന്നുസല്‍ക്കാരത്തിലും പങ്കെടുക്കും. ഈ പരിപാടികള്ക്കുശേഷമായിരിക്കും മോദി ന്യൂയോര്‍ക്കിലേക്കു തിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: