തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയം സംബന്ധിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ധനമന്ത്രി കെ.എം മാണിയും തമ്മിലുള്ള പോര് മുറുകുന്നു. ഇന്നാണ് കെപിസിസി നേതൃയോഗം, ഇതിലാകും പാര്‍ട്ടി നിലപാട് തീരുമാനിക്കുക. യുഡിഎഫ് യോഗം നാളെയും.
ആര്‍എസ്പി(ബി), കേരളാ കോണ്‍ഗ്രസ്(എം), മുസ്ലീംലീഗ് എന്നിവര്‍ മാണിക്കൊപ്പമാണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എക്സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ മറുവശത്തും.
നാളെ നടക്കുന്ന യുഡിഎഫ് യോഗത്തില്‍ ഇവര്‍ തമ്മിലുള്ള പോര് മറനീക്കും. സര്‍ക്കാര്‍ പ്രഖ്യാപനം അനുസരിച്ച് 12നാണ് സംസ്ഥാനത്തെ ബാറുകളെല്ലാം പൂട്ടുന്നത്. നിലവാരമില്ലെന്ന പേരില്‍ പൂട്ടിയ 418 ബാറുകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് കടുത്ത നിലപാടെടുത്തതോടെയാണ് യുഡിഎഫില്‍ പ്രശ്നങ്ങള്‍ക്കു തുടക്കമായത്. എന്നാല്‍, ഇപ്പോഴാകട്ടെ സുധീരന് വ്യക്തമായ പങ്കില്ലാതാവുകയും ചെയ്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് സംസ്ഥാന ഖജനാവ് കാലിയാകുമ്പോള്‍ മദ്യനയത്തില്‍ മാറ്റംവരുത്തണമെന്നാണ് ധനമന്ത്രി കെ.എം. മാണി പറയുന്നത്. ഐടി വ്യവസായത്തെ മദ്യനയം ബാധിക്കുമെന്ന അഭിപ്രായം മുസ്ലീംലീഗിനുമുണ്ട്. കേരളത്തില്‍ മദ്യനയം പ്രായോഗികമല്ലെന്ന് ആര്‍എസ്പി വ്യക്തമാക്കിക്കഴിഞ്ഞു. മദ്യനയത്തില്‍ നിന്നും ഒരടി പിന്നോട്ടില്ലെന്ന കടുത്ത നിലപാടില്‍ മുഖ്യമന്ത്രി ഉറച്ചു നില്ക്കുമ്പോള് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും എക്സൈസ് മന്ത്രി കെ. ബാബുവും കൂടെയുണ്ട്.
ആഭ്യന്തര വകുപ്പ് മദ്യനയം നടപ്പാക്കാനുള്ള കര്‍മ്മപദ്ധതിയും തയ്യാറാക്കിക്കഴിഞ്ഞു. നേരത്തേ പൂട്ടിയ ബാറുകള്‍ ഇനി തുറക്കരുതെന്ന നിലപാടായിരുന്നു മദ്യനയത്തെ എതിര്ക്കുന്നവര്ക്കുണ്ടായിരുന്നത്. വ്യത്യസ്തമായ നിലപാട് സ്വീകരിച്ചതിനെത്തുടര്‍ന്നാണ് എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മദ്യലോബികളുടെ ആളുകളാണെന്ന പ്രചാരണം ശക്തമായത്. ഈ പ്രചാരണം ശക്തമായതോടെയാണ് എല്ലാ ബാറുകളും പൂട്ടാനുള്ള തീരുമാനവുമായി മുഖ്യമന്ത്രി എത്തിയത്.
ഈ തീരുമാനത്തോട് അന്ന് യോജിച്ചവരാണ് ഇപ്പോള്‍ വിവിധ അഭിപ്രായങ്ങള്‍ പറഞ്ഞ് യുദ്ധത്തിനൊരുങ്ങുന്നത്. ബാറുകള്‍ പൂട്ടുന്നതില്‍ മതമേലധ്യക്ഷന്മാര്ക്ക് അനുകൂല അഭിപ്രായമാണുണ്ടായിരുന്നതെങ്കിലും പിന്നീട് ഇവരും വാക്കുമാറ്റി. മദ്യനയം ചര്‍ച്ചചെയ്യാന്‍ അവസരം കിട്ടിയിട്ടില്ലെന്നാണ് ഘടകകക്ഷികളുടെ വാദം. പുതിയ മദ്യനയംമൂലമുണ്ടാകുന്ന നികുതിനഷ്ടം ധനവകുപ്പിനെ തന്നെ ഇല്ലാതാക്കുമെന്നാണ് മാണി പറയുന്നത്. മദ്യനയം തിടുക്കത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ പാര്‍ട്ടിക്ക് മറ്റു കാര്യങ്ങള്‍ ചിന്തിക്കേണ്ടി വരുമെന്ന സൂചനയും മാണി നല്‍കിയിട്ടുണ്ട്.
ഘടകകക്ഷികളുടെ എതിര്‍പ്പ് അവഗണിച്ച് മദ്യനയം നടപ്പാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ രാഷ്ട്രീയമാറ്റങ്ങള്‍ക്കു വരെ വഴി തുറക്കും. സംസ്ഥാനത്തെ എല്ലാ വ്യവസായങ്ങളും നിലനില്‍ക്കുന്നത് മദ്യംകൊണ്ടു മാത്രമാണെന്നാണ് മദ്യനയത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത്. പള്ളികളില്‍ പോലും വൈന്‍ നല്കുമ്പോള് ബാറുകള്‍ മാത്രം പൂട്ടുന്ന സര്‍ക്കാര്‍ നിലപാട് ഇരട്ടത്താപ്പാണെന്നാണ് ബിജെപിയുടെ പക്ഷം. ബീവറേജസ് ഔട്ട്ലെറ്റുകള് തുറന്നുവെച്ചുകൊണ്ട് ബാറുകളെല്ലാം പൂട്ടിയാലും കേരളത്തില്‍ മദ്യം ഒഴുകും. സര്‍ക്കാര്‍ സമ്പൂര്‍ണ മദ്യനിരോധനമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ആദ്യം സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ മദ്യവില്‍പ്പന അവസാനിപ്പിക്കണമെന്നും ബിജെപി പറയുന്നു.
12ന് മദ്യശാലകള്‍ക്ക് പൂട്ടുവീഴും. സംസ്ഥാനത്തെ 338 ബീവറേജസ്, 46 കണ്‍സ്യൂമര്‍ഫെഡ് മദ്യക്കടകളും ഓരോ വര്‍ഷം 39 എണ്ണംവെച്ച് നിര്‍ത്തുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഓണക്കാലത്ത് മദ്യവില്‍പ്പനയില്‍ നിന്നും ലഭിച്ചിട്ടുള്ള വരുമാനത്തിന്റെ കണക്കുകള്‍ പുറത്തുവിടരുതെന്ന് കര്‍ശന നിര്‍ദ്ദേശം എക്സൈസ് മന്ത്രി നല്‍കിയിട്ടുണ്ട്. ഇത് മദ്യവില്‍പ്പനയിലെ ലാഭനഷ്ടം പുറത്തറിയാതിരിക്കാനാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്.
എ.എസ്. ദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: