ന്യൂദല്‍ഹി: ആറന്മുള വിമാനത്താവളത്തിന് മുന്‍ കേന്ദ്രസര്‍ക്കാര്‍ നല്കിയ പാരിസ്ഥിതികാനുമതി റദ്ദുചെയ്യുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കറിന്റെ ഉറപ്പ്. മന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്കിയ ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതി രക്ഷാധികാരി കുമ്മനം രാജശേഖരന്, ബിജെപി കേരള സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്, ജനറല്‍ സെക്രട്ടറിമാരായ എ.എന്‍. രാധാകൃഷ്ണന്, ഉമാകാന്തന്‍ എന്നിവര്‍ക്കാണ് മന്ത്രി ഉറപ്പ് നല്‍കിയത്. പരിസ്ഥിതി സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനം എന്‍ഡിഎ സര്‍ക്കാരിന്റെ മുന്ഗണനാവിഷയങ്ങളിലൊന്നാണെന്ന് അദ്ദേഹം പറഞ്ഞു.
ആറന്മുളയുടെ സാംസ്കാരിക പൈതൃകവും പുണ്യനദിയായ പമ്പയും പുണ്യപുരാതനമായ ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രവും തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും കാവുകളും സംരക്ഷിച്ച് നിലനിര്‍ത്തുന്നതിനും പാരിസ്ഥിതികസംരക്ഷണം ഉറപ്പുവരുത്തുന്നതിനും ആറന്മുള വിമാനത്താവളത്തിന് നല്കിയ അനുമതി റദ്ദുചെയ്യേണ്ടത് അനിവാര്യമാണെന്ന് നിവേദനത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി. വിമാനത്താവളം മൂലമുണ്ടാകുന്ന ഭവിഷ്യത്തുക്കളില് ജനങ്ങളുടെ ഭയാശങ്കകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിമാനത്താവളം വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കേന്ദ്ര പരിസ്ഥിതി വനംവകുപ്പ് തദനുസൃതമായ ശക്തമായ നിലപാടായിരിക്കും സുപ്രീംകോടതിയില്‍ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.
വിമാനത്താവളത്തിനായി ആറന്മുള നെല്‍വയല്‍ മണ്ണിട്ട് നികത്തരുതെന്നും നികത്താന്‍ ഉപയോഗിച്ച മണ്ണ് നീക്കംചെയ്യണമെന്നും കേരള ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് നിവേദകസംഘം മന്ത്രിയെ ധരിപ്പിച്ചു. വിമാനത്താവളത്തിന് വേണ്ടി കെജിഎസ് ഗ്രൂപ്പ് നല്കിയ എല്ലാ രേഖകളും അവാസ്തവവും ക്രമവിരുദ്ധവുമാണെന്ന് കണ്ടെത്തുകയുണ്ടായി. വിമാനത്താവളത്തിനുവേണ്ടി സമര്‍പ്പിച്ച അപേക്ഷയും പാരിസ്ഥിതിക റിപ്പോര്‍ട്ടും മറ്റ് അനുബന്ധ നടപടികളും സത്യവിരുദ്ധവും പാകപ്പിഴകള്‍ നിറഞ്ഞതുമാണെന്ന് ഗ്രീന്‍ ട്രിബ്യൂണല്‍ കണ്ടെത്തി. ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, കേരള നിയമസഭാ പരിസ്ഥിതി കമ്മറ്റി, സലിം അലി ഫൗണ്ടേഷന്, കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍, വിജിലന്‍സ് ഡയറക്ടര്‍, ഹൈക്കോടതി അഡ്വക്കേറ്റ് കമ്മീഷന് തുടങ്ങി വിവിധ ഭരണഘടനാ സ്ഥാപനങ്ങും കമ്മറ്റികളും വിദഗ്ധരും വിമാനത്താവളനിര്മാണത്തിലെ ക്രമക്കേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിമാനത്താവളത്തിനുവേണ്ടി കൈവശപ്പെടുത്തിയ 232 ഏക്കര്‍ സ്ഥലം ജില്ലാ കളക്ടര്‍ മിച്ചഭൂമിയായി പ്രഖ്യാപിച്ചിട്ടുണ്ട്. വിമാനത്താവള നിര്‍മാണത്തിന് അടിസ്ഥാനപരവും അത്യാവശ്യവുമായി ഉണ്ടായിരിക്കേണ്ട കേരള സര്‍ക്കാരില്‍നിന്നുള്ള എന്‍ഒസി നാളിതുവരെ ആറന്മുള പദ്ധതിക്ക് ലഭിച്ചിട്ടില്ല. 2010 ഡിസംബര്‍ എട്ടിന് കേരളസര്‍ക്കാര്‍ നല്‍കിയെന്ന് കെജിഎസ് ഗ്രൂപ്പ് അവകാശപ്പെടുന്ന ഉത്തരവ് എന്ഒസിയല്ലെന്ന് വ്യവസായവകുപ്പ് അടുത്തകാലത്ത് വ്യക്തമാക്കുകയുണ്ടായി.
വ്യാജരേഖകള്‍ ചമച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയും കേന്ദ്രസര്‍ക്കാരിനെ കബളിപ്പിച്ചുമാണ് പാരിസ്ഥിതിക അനുമതികള്‍ നേടിയെടുത്തതെന്ന് വ്യക്തമായ സാഹചര്യത്തില്‍ പ്രസ്തുത അനുമതികള്‍ അപ്പാടെ റദ്ദുചെയ്യണമെന്ന് കേന്ദ്രവനംപരിസ്ഥിതി മന്ത്രിയോട് നേതാക്കള്‍ ആവശ്യപ്പെട്ടു.
മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പശ്ചിമഘട്ട സംരക്ഷണത്തിന് പ്രയോജനം ചെയ്യുന്ന ഒട്ടേറെ നിര്‍ദ്ദേശങ്ങളുണ്ടെന്നും ഗ്രാമസഭകള്‍ വിളിച്ചുകൂട്ടി അഭിപ്രായം തേടി ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്ന ഗാഡ്ഗിലിന്റെ നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെന്നും മന്ത്രി വ്യക്തമാക്കി. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലും കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുമുള്ള നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ച് പശ്ചിമഘട്ടസംരക്ഷണത്തിനുവേണ്ടി യുക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി നേതാക്കള്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: