കണ്ണൂര്‍: ഫസല്‍ വധക്കേസിലെ പ്രതികളും സിപിഎം നേതാക്കളുമായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥ ലംഘിച്ച് നിരവധി തവണ കണ്ണൂര്‍ ജില്ലയിലെത്തിയതായി റിപ്പോര്‍ട്ട്. ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ മനോജ് കൊല്ലപ്പെട്ടതിന് തലേദിവസവും ഇവര്‍ കണ്ണൂരിലുണ്ടായെന്നാണ് സൂചന. മനോജ് വധക്കേസില്‍ സിപിഎം ഉന്നത നേതാക്കളുടെ ഗൂഢാലോചന വ്യക്തമാക്കുന്നതാണ് പുറത്ത് വരുന്ന വിവരങ്ങള്‍.
സിപിഎം വിട്ട് എന്‍ഡിഎഫില്‍ ചേര്‍ന്ന തലശ്ശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയ കേസില്‍ കാരായി ചന്ദ്രശേഖരന് ഏഴും കാരായി രാജന് എട്ടും പ്രതിയാണ്. ചന്ദ്രശേഖരന് സിപിഎം തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറിയും രാജന് ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ആയിരിക്കെയാണ് ഇരുവരെയും സിബിഐ അറസ്റ്റ് ചെയ്യുന്നത്. ഏറെക്കാലം റിമാന്റിലായിരുന്ന ഇവര്‍ക്ക് കര്‍ശന ഉപാധികളോടെ ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുകയായിരുന്നു. കോടതിയുടെ അനുമതിയില്ലാതെ എറണാകുളം ജില്ല വിട്ട് പുറത്ത് പോകരുതെന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഇത് ലംഘിച്ച് ഇവര്‍ നിരവധി തവണ കണ്ണൂരിലെത്തിയതായാണ് ഇപ്പോള്‍ വിവരം ലഭിച്ചിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും ഇവര്‍ക്ക് ലഭിച്ചതായാണ് വിവരം. ഇത് സംബന്ധിച്ച് ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്.
മനോജ് കൊല്ലപ്പെട്ട സപ്തംബര്‍ ഒന്നിന് തലേദിവസം ഇരുവരും കണ്ണൂരിലുണ്ടായതായാണ് സൂചന. ഏതാനും ദിവസം മുമ്പ് ചന്ദ്രശേഖരന് മാഹി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഓട്ടോയില്‍ കയറുന്നത് ചിലര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ജാമ്യവ്യവസ്ഥ നിലനില്‍ക്കെ ഇവര്‍ പലപ്പോഴും കണ്ണൂര്‍ സന്ദര്‍ശിച്ച് മടങ്ങിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.
കൊലപാതകത്തിന് തലേദിവസം കതിരൂരിലെ ഒരു പാര്‍ട്ടി സ്ഥാപനത്തില്‍ ഉന്നത നേതാക്കള്‍ പങ്കെടുത്ത യോഗം നടന്നതായും നേരത്തെ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. കാരായി രാജന് നേരത്തെ ഭാരവാഹിയായുണ്ടായിരുന്ന സ്ഥാപനമാണിത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിക്കും പാര്‍ട്ടി പത്രത്തിന്റെ പ്രധാന ചുമതല വഹിക്കുന്ന നേതാവിനുമൊപ്പം കാരായി രാജനും യോഗത്തില്‍ പങ്കെടുത്തതായാണ് സൂചന.
നേരത്തെ മനോജിന് നേരെ നടന്ന വധശ്രമത്തില്‍ കാരായി രാജന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നിരുന്നു. കതിരൂര്‍ നായനാര്‍ റോഡില്‍ വച്ച് മനോജ് സഞ്ചരിച്ച വാനിന് നേരെ ഒരുസംഘം ബോംബെറിയുകയായിരുന്നു. അന്ന് ഭാഗ്യം കൊണ്ട് മാത്രമാണ് മനോജ് രക്ഷപ്പെട്ടത്. കാരായി രാജന്റെ കാറിന് നേരെ ബോംബാക്രമണമുണ്ടായെന്ന് കള്ളപ്രചരണം നടത്തിയായിരുന്നു മനോജിനെ അക്രമിച്ചത്. ഇത് അന്വേഷണത്തില്‍ വ്യക്തമാവുകയും ചെയ്തു. യഥാര്‍ത്ഥ പ്രതികളെ ഒഴിവാക്കി പ്രദേശത്തെ ഏതാനും സാധാരണ സിപിഎം പ്രവര്‍ത്തകരെ മാത്രം ഉള്‍പ്പെടുത്തി കേസ് ഒതുക്കി. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ടി.കെ.രജീഷിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് പിന്നീട് സത്യാവസ്ഥ പുറത്ത് വന്നത്. തുടര്‍ന്ന് രജീഷിനെ കേസില്‍ പ്രതിയാക്കുകയും ചെയ്തു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജനുമായി പാര്‍ട്ടിയില്‍ അടുത്ത ബന്ധം സൂക്ഷിക്കുന്നവരാണ് കാരായിമാര്‍. മനോജിന് നേരെ മുമ്പ് നടന്ന വധശ്രമത്തിന് നേതൃത്വം നല്കിയതും ജയരാജന്റെ നാട്ടുകാരായ സിപിഎം ക്രിമിനലുകളായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കാനാകാത്തതിനാല്‍ കാരായിമാര്‍ എറണാകുളം പ്രവര്‍ത്തന കേന്ദ്രമാക്കിയിരുന്നു. അടുത്തിടെ ഇവര്‍ക്ക് എറണാകുളത്ത് തന്നെ സംഘടനാ ചുമതലയും നല്കി. എന്നാല്‍ കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തില്‍ കുപ്രസിദ്ധി നേടിയ നേതാക്കള്‍ കണ്ണൂരിലെ ഭരണം തുടരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാവുന്നത്.
കെ.സുജിത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: