ന്യൂദല്‍ഹി: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യം നടത്തുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പുരോഗമിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൈന്യവും ദേശീയ ദുരന്ത പ്രതികരണ സേനയും ചേര്‍ന്ന് 76,500ല്‍ അധികം പേരെ പ്രളയത്തില്‍ നിന്നു രക്ഷപ്പെടുത്തി.
വ്യോമസേനയുടെയും ആര്‍മി ഏവിയേഷന്‍ കോറിന്റെയും 79 വിമാനങ്ങളും ഹെലികോപ്റ്ററുകളും ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്. ശ്രീനഗര്‍ മേഖലയില്‍ 244 സൈനികവ്യൂഹങ്ങളെയും ജമ്മു മേഖലയില്‍ 85 സൈനിക വ്യൂഹങ്ങളെയും കരസേന നിയോഗിച്ചിട്ടുണ്ട്. 8200 കമ്പിളി പുതപ്പുകളും 650 ടെന്റുകളും 1,50,000 ലിറ്റര്‍ കുടിവെള്ളവും 2.6 ടണ്‍ ബിസ്ക്കറ്റും ഏഴു ടണ്‍ ബേബി ഫുഡും 28,000 ഭക്ഷണ പൊതികളും പ്രളയം ദുരിതം വിതച്ച മേഖലകളില്‍ വിതരണം ചെയ്തു. ചണ്ഡീഗഢില്‍ നിന്നും ദല്‍ഹിയില്‍ നിന്നും അധിക കുടിവെള്ള ബോട്ടിലുകള്‍ വ്യോമമാര്‍ഗം എത്തിക്കുന്നുണ്ട്. സേനാ മെഡിക്കല്‍ സര്‍വീസിലെ 80 സംഘങ്ങള്‍ മേഖലയില്‍ വൈദ്യസഹായം നല്കാന് എത്തിയിട്ടുണ്ട്. 2000 ആശുപത്രി ബെഡ് ഷീറ്റുകളും കമ്പിളി പുതപ്പുകളും ടെന്റുകളും കുടിവെള്ള ബോട്ടിലുകളും പാകം ചെയ്ത ഭക്ഷണവും ഇന്ന് ആകാശമാര്‍ഗം എത്തിച്ചു.
വ്യോമസേനയുടെ വിമാനങ്ങളും ഹെലികോപ്റ്ററുകളും 613 തവണ മേഖലയില്‍ പറക്കുകയും 715 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ആകാശമാര്‍ഗം വിതരണം ചെയ്യുകയും ചെയ്തു. സൈന്യത്തിന്റെ 135 ഉം ദേശീയ ദുരന്ത പ്രതികരണ സേനയുടെ 148ഉം ബോട്ടുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു. റോഡ് ബന്ധം പുനസ്ഥാപിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്റെ അഞ്ച് ദൗത്യ സംഘങ്ങളിലായി 5700 പേര് രംഗത്തിറങ്ങിയിട്ടുണ്ട്. ബെടോട്-കിഷ്ത്വാര്‍, കിഷ്ത്വാര്‍-സിന്താന് പാസ്സുകളിലെ റോഡ് ബന്ധം പുനസ്ഥാപിക്കാന്‍ ഇവര്‍ക്ക് സാധിച്ചു. സിന്താന് പാസ്സിനും അനന്ത്നാഗിനും ഇടയിലെ റോഡ് പണികള്‍ പുരോഗമിക്കുന്നു. ജമ്മു-കെഎം 172 റോഡ് ചെറു വാഹനങ്ങള്‍ക്കായി തുറന്നു നല്കി. ജമ്മു-പൂഞ്ച് റോഡും ഗതാഗതത്തിനായി സജ്ജമാക്കി. ദുരിതാശ്വാസ ദൗത്യത്തിന് സഹായം നല്‍കുന്നതിന് 15 എന്‍ജിനീയറിങ് ദൗത്യ സംഘങ്ങള്‍ പ്രളയ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിതിഗതികളുടെ പുരോഗതി ന്യൂദല്‍ഹിയിലെ ഐഡിഎസ് ഹെഡ്ക്വാര്‍ട്ടേഴ്സില്‍ നിന്ന് നിരീക്ഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: