ന്യൂദല്‍ഹി: ബാറുകള്‍ പൂട്ടാനുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ബാര്‍ ഉടമകള്‍ നല്കിയ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി ഇന്നത്തേക്ക് മാറ്റി. മദ്യനിരോധനത്തില്‍ നിന്ന് പഞ്ചനക്ഷത്ര ഹോട്ടലുകളെ മാത്രം മാറ്റി നിര്‍ത്തിയതിന്റെ യുക്തി മനസ്സിലാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ അനില്‍ ആര്. ദവെ, യു.യു. ലളിത് എന്നിവരടങ്ങുന്ന ബെഞ്ചാണ് നിരീക്ഷണം നടത്തിയത്.
കേരള ക്ലാസിഫൈഡ് ഹോട്ടല്‍സ് ആന്‍ഡ് റിസോര്‍ട്ട്സ്, ഹോട്ടല്‍ ഗ്രാന്റ് റസിഡന്‍സി, ഹോട്ടല്‍ റിവര്‍ റിട്രീറ്റ്, ഹോട്ടല്‍ അമൃതാ റസിഡന്‍സി, ഹോട്ടല്‍ എയര്‍ ലിങ്ക് കാസില്‍ തുടങ്ങിയവരുടേത് അടക്കം ഏഴോളം ഹര്‍ജികളാണ് സുപ്രീംകോടതി മുമ്പാകെയുള്ളത്. ബാര്‍ ഉടമകള്‍ക്കുവേണ്ടി ഫാലി എസ്. നരിമാന്, രാം ജത്മലാനി, ദുഷ്യന്ത് ദവെ, അരയാമ സുന്ദരം തുടങ്ങിയ മുതിര്‍ന്ന അഭിഭാഷകരാണ് ഹാജരാകുന്നത്.
പഞ്ചനക്ഷത്രഹോട്ടലുകള്‍ ഒഴിച്ചുള്ള ബാര്‍ ഹോട്ടലുകള്‍ പൂട്ടാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം അംഗീകരിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ചോദ്യംചെയ്താണ് ഉടമകള്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. മദ്യനയ രൂപീകരണത്തിന്റെ ഭാഗമായി ഏകാംഗ കമ്മീഷന് രൂപീകരിച്ചിരുന്നുവെന്ന് കേരളത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും സറ്റാന്റിങ് കോണ്‍സല്‍ എം.ആര്. രമേശ് ബാബുവും കോടതിയെ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് നയം കൊണ്ടുവന്നത്. ബാറുകള്‍ പൂട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്ന് ലൈസന്‍സ് നല്കുമ്പോള് തന്നെ വ്യവസ്ഥ വെക്കാറുണ്ടെന്നും കേരളം വാദിച്ചു. അപ്പോഴാണ് ഹോട്ടലുകളെ എങ്ങനെയാണ് വേര്‍തിരിച്ചതെന്നു കോടതി ചോദിച്ചത്. ബീവറേജ് ഷോപ്പുകള്‍ ഘട്ടംഘട്ടമായി ഇല്ലാതാക്കുമെന്ന് കേരളം മറുപടി പറഞ്ഞു. ബാര്നടത്തുന്നത് മൗലികാവകാശമല്ലെന്നും കേരളം വാദമുയര്‍ത്തി.
ഇന്നു പുലര്‍ച്ചെ മുതല്‍ ബാറുകള്‍ പ്രവര്‍ത്തിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്നും അവര്‍ വാദിച്ചു. ഇത് പരിഗണിച്ച കോടതി ഇന്ന് ഹോട്ടലുകള്‍ അടച്ചുപൂട്ടരുതെന്ന് സംസ്ഥാനസര്‍ക്കാരിന് നിര്‍ദേശം നല്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.ഫൈവ് സ്റ്റാര്‍ ഹോട്ടലുകളെ മാത്രം പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക വഴി നിയമത്തിന് മുന്നില്‍ എല്ലാവരെയും തുല്യരായി കാണണമെന്ന ഭരണഘടനാ തത്വം സംസ്ഥാനസര്‍ക്കാര്‍ ലംഘിച്ചെന്ന് ബാറുടമകള്‍ വാദിച്ചു. മാര്‍ച്ച് 31 വരെ ലൈസന്‍സുള്ളതിനാല്‍ തുടരാന്‍ അനുവദിക്കണമെന്നും ഹൈക്കോടതി വിധിക്ക് സ്റ്റേ വേണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു. ഇല്ലെങ്കില്‍ ഹോട്ടലുകള്‍ പൂട്ടുകയും നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും ചെയ്യും. ബാറുള്ളതിനാല് അടുത്ത ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലേക്ക് വരെ ഹോട്ടല്‍ ബുക്കിങ് ലഭിച്ചിട്ടുണ്ടെന്നും അതിഥികള്‍ ബുക്കിങ് കാന്‍സല്‍ ചെയ്തു തുടങ്ങിയെന്നും ബാറുടമകള്‍ ആശങ്കയറിയിച്ചു.
ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍ തീര്‍പ്പാകുംവരെ ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച ബാറുകള്‍ പൂട്ടണമെന്ന സര്‍ക്കാറിന്റെ ഉത്തരവ് നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഉടമകള്‍ ഹര്‍ജിയില്‍ പറയുന്നു.
കേസില്‍ അന്തിമ തീരുമാനം എടുക്കുന്നതിന് മുമ്പ് തങ്ങളുടെ ഭാഗം കൂടി കേള്‍ക്കണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കേസില്‍ സ്റ്റേ അനുവദിക്കരുതെന്ന് സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: