കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ ഡയമണ്ട് മുക്കിലെ എളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി വിക്രമന് ഇന്നലെ കോടതിയില്‍ കീഴടങ്ങിയത് പോലീസും -സിപിഎമ്മും തമ്മിലുണ്ടാക്കിയ ഒത്തുകളിയുടെ ഭാഗമെന്ന് സൂചന.
കൊലപാതകം നടന്ന നിമിഷം തന്നെ കേസിലെ മുഖ്യപ്രതിയാണെന്ന് പോലീസ് തിരിച്ചറിയുകയും പ്രതിയെ കണ്ടെത്താനായി ലുക്കൗട് നോട്ടീസടക്കം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുളള ഒരു പ്രതി ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനത്തിനും ജില്ലാ പോലീസ് മേധാവിയുടെ ക്യാമ്പ് ഓഫീസിനു മൂക്കിനു താഴേയിലൂടെ ഇരു ചക്രവാഹനത്തില്‍ എത്തി കോടതിയില്‍ കീഴടങ്ങിയത് പോലീസും സിപിഎം നേതൃത്വവും മുന്‍കൂട്ടിയുണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലാണെന്നാരോപണം ശക്തമായിരിക്കുകയാണ്.
പോലീസിന്റെ നടപടിക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ഇന്നലെ തന്നെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പിണറായി പഞ്ചായത്തിലെ പാര്‍ട്ടി ഗ്രാമത്തില്‍ പാര്‍ട്ടിയുടെ പൂര്‍ണ്ണ സംരക്ഷണത്തില്‍ കഴിഞ്ഞ പ്രതി വിക്രമനെ ഇന്നലെ രാവിലെ കതിരൂര്‍ പഞ്ചായത്തിന്റെ ഔദ്യോഗിക വാഹനത്തില്‍ പാതിവഴിയിലെത്തിച്ചാണ് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയതെന്ന വാര്‍ത്തകളും പാര്‍ട്ടിയും പോലീസും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസിലെ മുഖ്യപ്രതിയെന്ന് കണ്ടെത്തിയ പ്രതിയെ അറസ്റ്റു ചെയ്യാതെ തികഞ്ഞ അലംഭാവമാണ് പോലീസ് പ്രതിയ്ക്ക് കീഴടങ്ങാന്‍ അവസരം ഒരുക്കിയതു വഴി നടത്തിയിരിക്കുന്നത്.
കണ്ണൂരിലെ പോലീസ് ഒരിക്കല്‍ കൂടി സിപിഎമ്മിന് കീഴടങ്ങുന്ന കാഴ്ചയാണ് ഇന്നലെ കണ്ണൂരില്‍ കണ്ടത്. നേരത്തെ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതൃത്വം പ്രതികൂട്ടിലായ പ്രമാദമായ കൊലക്കേസുകളെല്ലാം പോലീസും സിപിഎമ്മും തമ്മിലുളള ഒത്തുകളിയും, പോലീസിന് സിപിഎം നേതൃത്വത്തോടുളള ഭയവും കാരണം അട്ടിമറിക്കപ്പെടുകയുണ്ടായി. ഏതാനും നാളുകള്‍ക്കുളളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപരിവാര്‍ നേതാക്കള്‍ക്കും നേതാക്കളുടെ വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരേ നടന്ന അക്രമ സംഭവങ്ങളിലെല്ലാം പ്രതികളായ സിപിഎമ്മുകാരെ പിടികൂടുന്നതില്‍ പോലീസ് തികഞ്ഞ അലംഭാവമാണ് കാട്ടിയെന്ന ആരോപണം നിലനില്‍ക്കേയാണ് പുതിയ സംഭവമെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
കെ.ടി. ജയകൃഷ്ണന് മാസ്റ്റര്‍, ടി.പി. വധക്കേസുകളിലടക്കം പോലീസ് സിപിഎമ്മിനെ സഹായിക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചത്. ഇത് കേസുകള്‍ വിചാരണയ്ക്കെടുത്ത കോടതികള്‍ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെങ്കിലും യുഡിഎഫ്-എല്‍ഡിഎഫ് സര്‍ക്കാരുകള്‍ ഒത്തുകളിച്ച് ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ രക്ഷപ്പെടുത്തുന്ന നിലപാടായിരുന്നു സ്വീകരിച്ചത്.
ഇന്നലെ മനോജ് വധക്കേസിലെ മുഖ്യപ്രതി വിക്രമന്റെ കീഴടങ്ങല്‍ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഒത്താശയോടെയാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. മറ്റ് കൊലപാതക കേസുകളില്‍ ഉള്‍പ്പെടെ ആദ്യഘട്ടത്തില്‍ ശക്തമായി അന്വേഷിച്ച പോലീസ് ഒടുവില്‍ സിപിഎമ്മിനനുകൂലമായി നീങ്ങിയിരുന്നു. എന്നാല്‍ മനോജ് വധക്കേസില്‍ പോലീസ് ആദ്യ ഘട്ടത്തില്‍ തന്നെ സിപിഎമ്മിനെ സഹായിക്കാന്‍ നടത്തുന്ന നീക്കം വിവാദമായിട്ടുണ്ട്.
പ്രതി കോടതിയിലെത്തും മുമ്പേ സിപിഎമ്മിന്റെ നിരവധി നേതാക്കളും പ്രവര്‍ത്തകരും കോടതി പരിസരത്തെത്തിയതും കഴിഞ്ഞ ദിവസം തന്നെ പ്രതി കീഴടങ്ങുമെന്ന വാര്‍ത്തകള്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയെടക്കാഞ്ഞതും ചില ഗൂഢനീക്കങ്ങളുടെ ഭാഗമാണെന്ന് പറയപ്പെടുന്നു. മാത്രമല്ല പ്രതി കോടതിയിലെത്താന്‍ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഒരൊറ്റ പോലീസുകാര്‍ കോടതി പരിസരത്തെത്താഞ്ഞതും സംശയം ബലപ്പെടുത്തുന്നു. പോലീസ് -സിപിഎം നേതാക്കളുടെ വ്യക്തമായ ഗൂഢാലോചനയുടെ ഭാഗമാണെന്നും ജില്ലാ നേതൃത്വത്തെ കേസില്‍ നിന്നും രക്ഷിക്കാനുളള നീക്കങ്ങളുടെ ഭാഗമായി ഇരുവരും ചേര്‍ന്ന് നടത്തിയ നാടകമാണ് ഇന്നലെ അരങ്ങേറിയതെന്നുമുളള ആരോപണം വ്യാപകമായി ഉയര്‍ന്നു കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: