തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് മന്ത്രിസഭായോഗത്തിന്റെ വിലയിരുത്തല്‍. സാമ്പത്തിക പ്രതിസന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും യോഗം വിലയിരുത്തി. എന്നാല്‍ പ്രശ്നം ചര്‍ച്ച ചെയ്തെങ്കിലും പരിഹാരമായില്ല. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജ് തയാറാക്കാനാണ് യോഗത്തില്‍ തീരുമാനമായത്. സാമ്പത്തിക, നികുതി വകുപ്പ് സെക്രട്ടറിമാരോട് ആവശ്യമായ നടപടികള്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടുത്ത മന്ത്രിസഭാ യോഗത്തില്‍ ഇത് സംബന്ധിച്ച തുടര്‍ ചര്‍ച്ചകള്‍ നടത്തും.
ബെവ്കോയുടെ മദ്യം വിറ്റ പണത്തില്‍ നിന്നുള്ള നികുതി 300 കോടി മുന്‍കൂര്‍ വാങ്ങിയതും കടപ്പത്രം വിറ്റു ലഭിച്ച 500 കോടിയും ട്രഷറിയിലെത്തിയതിനാല് സാമ്പത്തിക ഞെരുക്കം താല്‍ക്കാലികമായി ഒഴിവായിട്ടുണ്ട്. ഓണച്ചെലവുകള്‍ നേരിടാന്‍ സംസ്ഥാന സര്‍ക്കാരിനു റിസര്‍വ് ബാങ്കില്‍ നിന്ന് അധികമായി എടുക്കേണ്ടി വന്ന 188 കോടി രൂപയും കഴിഞ്ഞ ദിവസം തിരിച്ചടച്ചിരുന്നു. അതേസമയം, ഖജനാവിലെ പണം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വ്യക്തിഗത നിക്ഷേപങ്ങള്‍ക്കുള്ള പലിശ ഒന്‍പത് ശതമാനമായി ഉയര്‍ത്തി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്നു മുതല്‍ കഴിഞ്ഞ മാസത്തെ വ്യാപാരത്തില്‍ നിന്നുള്ള വാറ്റ് നികുതിയും പെട്രോളിയം ഉല്പന്നങ്ങളില് നിന്നുള്ള വില്പന നികുതി വരുമാനവും ചേര്‍ത്തു 2300 കോടിയോളം രൂപയും ഖജനാവിലെത്തും. അതിനാല്‍ ഏതാനും ആഴ്ചകളിലേക്ക് സാമ്പത്തിക ഞെരുക്കമുണ്ടാകില്ല. എന്നാല്‍ മരാമത്ത് പണികള്‍ക്കുള്ള വന്‍കിട ബില്ലുകള്‍ പാസാക്കേണ്ടെന്നാണ് തീരുമാനം. വന്‍കിട പദ്ധതികളുടെ ബില്‍ മാറ്റി വയ്ക്കുന്നുണ്ടെങ്കിലും പ്രതിസന്ധിയില്ല, ഞെരുക്കം മാത്രമേയുള്ളൂവെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: