ന്യൂദല്‍ഹി: സാമ്പത്തിക പിന്നാക്കക്കാര്‍ക്കായി ഗുജറാത്ത് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച 11 പദ്ധതികളുടെ സമാഹാരമായ സ്വാവലംബന്‍ അഭിയാന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബര്‍ 17 രാജ്യമെങ്ങും വിശ്വകര്‍മ്മ ദിനമായിട്ടാണ് ആചരിക്കുന്നതെന്നും കഠിനാധ്വാനത്തിലൂടെ ജീവിക്കുന്നവരെല്ലാം വിശ്വകര്‍മ്മാവിനെ ആദരിക്കുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ഈ ദിവസം തന്നെ സ്വാവലംബന്‍ പദ്ധതികളുടെ ഉദ്ഘാടനത്തിന് തിരഞ്ഞെടുത്ത ഗുജറാത്ത് ഗവണ്മെന്റിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഗുജറാത്ത് ഗവര്‍ണ്ണര്‍ ഒ. പി. കോഹ്ലി, മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ തുടങ്ങിയവരും പങ്കെടുത്തു.
ആത്മവിശ്വാസവും ആത്മസ്വാതന്ത്ര്യവും ആത്മാഭിമാനവും കഠിനാധ്വാനിക്ക് പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളാണ്. കഠിനാധ്വാനികള്‍ ആരെയും ആശ്രയിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുന്നില്ല. സ്ത്രീകളും യുവാക്കളും അടങ്ങിയ കഠിനാധ്വാനികള്‍ക്ക് വേണ്ടിയാണ് സ്വാവലംബന്‍ അഭിയാന് പദ്ധതികളെന്നും ദാരിദ്ര്യത്തോട് പടപൊരുതാന്‍ ഇതവരെ ശാക്തീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാവലംബന്‍ പദ്ധതിയായ മാ-വാത്സല്യ യോജനയിലൂടെ പുതു മധ്യവര്‍ഗ്ഗത്തിനും സംരക്ഷണം ലഭിക്കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: