ന്യൂദല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭാരത വികസനത്തില്‍ പുത്തന്‍ ചരിത്രം സൃഷ്ടിക്കാനുള്ള പാതകള്‍ വെട്ടിത്തുറക്കവെ, വന്‍ സഹായ വാഗ്ദാനങ്ങളുമായി ചൈനയും എത്തുന്നു. ഭാരത റെയില്‍വേ വികസനത്തിന് ദശലക്ഷക്കണക്കിന് ഡോളര്‍ നിക്ഷേപിക്കാന്‍ ചൈന ഒരുങ്ങിക്കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ ഭാരതത്തില്‍ എത്തുന്ന ചൈനീസ് പ്രസിഡന്റ് സി ജിന്‍പിങ് ഇതു സംബന്ധിച്ച വിപുലമായ കരാറുകളില്‍ ഒപ്പിടും. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ 35 ദശലക്ഷം ഡോളറിന്റെ ജപ്പാന്‍ നിക്ഷേപം നരേന്ദ്ര മോദി ഉറപ്പിച്ചതിനു പിന്നാലെയാണ് ചൈനീസ് സാമ്പത്തിക- സാങ്കേതിക സഹകരണങ്ങള്‍ ഭാരതത്തെ തേടിവരുന്നത്.
രാജ്യത്ത് പുതിയ റെയില്‍വേ ട്രാക്കുകള്‍ സ്ഥാപിക്കുന്നതിന് വേണ്ട സഹായം ലഭ്യമാക്കുന്ന കരാറാണ് ഭാരതം ചൈനയുമായി ഒപ്പുവയ്‌ക്കുമെന്നു കരുതപ്പെടുന്ന പ്രധാനപ്പെട്ട ഒന്ന്. വേഗതകൂടിയ ട്രെയിനുകള്‍ക്കുള്ള ഓട്ടോമാറ്റിക് സിഗ്‌നലിങ്, ആധുനിക റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ സ്ഥാപിക്കുന്നതിനും ഉടമ്പടി വഴിയൊരുക്കും. കഴിഞ്ഞ 67 വര്‍ഷംകൊണ്ട് കഷ്ടിച്ച് 11,000 കിലോ മീറ്റര്‍ ട്രാക്ക് വിപുലീകരണം മാത്രമേ ഭാരതത്തില്‍ നടപ്പിലായിട്ടുള്ളു. എന്നാല്‍ 2006 മുതലുള്ള അഞ്ചുവര്‍ഷത്തിനിടെ ചൈന 14,000 കിലോ മീറ്റര്‍ ട്രാക്ക് വികസനം നടത്തി. ആ കണക്കുകള്‍ റെയില്‍വേ മേഖലയില്‍ ചൈനീസ് സാങ്കേതിക സഹകരണത്തിന്റെ ഗുണഫലസാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നു.
ഉന്നതനിലവാരമുള്ള റെയില്‍വേ സംവിധാനം ഒരുക്കാന്‍ ചൈനയടക്കമുള്ള രാജ്യങ്ങളോട് സഹകരിക്കുന്നതിന് ഭാരതം ഏറെ താത്പര്യപ്പെടുന്നുണ്ട്. അതിവേഗ റെയില്‍ പാതകള്‍ നിര്‍മ്മിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഭാരതത്തെ സഹായിക്കാന്‍ ഒരുക്കം, ജിന്‍പിങ്ങിന്റെ ഭാരത സന്ദര്‍ശനത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ചൈനിസ് വിദേശകാര്യ ഉപമന്ത്രി ലിയു ജിന്‍യാന്‍ചാവോ പറഞ്ഞു. ഭാരത റെയ്ല്‍വേയെ ആധുനികവത്കരിക്കുന്നതിനായി 50 ദശലക്ഷം ഡോളര്‍വരെ നിക്ഷേപിക്കാന്‍ സാധ്യതയുണ്ടെന്ന് മുംബൈയിലെ ചൈനീസ് കൗണ്‍സല്‍ ജനറല്‍ ലിയു യൂഫ നേരത്തെ വ്യക്തമാക്കിയിരുന്നു.
















