ന്യൂദല്‍ഹി: സൂപ്പര്‍ താരങ്ങളുടെ പിന്മാറ്റങ്ങളും ടീം തെരഞ്ഞെടുപ്പിലെ കാലതാമസവുമൊക്കെ തലവേദനകള്‍ സൃഷ്ടിച്ചെങ്കിലും ഇഞ്ചിയോണ്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് എഴുപതു മുതല്‍ എഴുപത്തിയഞ്ചുവരെ. മെഡലുകള്‍. കഴിഞ്ഞതവണ ഗ്വാങ്ഷുവില്‍ ഇന്ത്യ നേടിയെടുത്തത് 65 മെഡലുകളായിരുന്നു. താരപ്പൊലിമ കുറഞ്ഞെങ്കിലും ഇക്കുറി നേട്ടത്തിന്റെ മാറ്റുകൂട്ടാമെന്നു തന്നെയാണ് ഇന്ത്യന്‍ സംഘത്തിന്റെ പ്രതീക്ഷ.
മെഡല്‍ സാധ്യതയുള്ള താരങ്ങളെ മാത്രമെ നമ്മള്‍ സെലക്ട് ചെയ്തിട്ടുള്ളു. എഴുപതു മുതല്‍ എഴുപത്തിയഞ്ചു മെഡലുകള്‍ വരെ പ്രതീക്ഷിക്കാം, സായി ഡയറക്ടര്‍ ജിജി തോംസണ്‍ പറഞ്ഞു.
ടെന്നീസില്‍ ലിയാണ്ടര്‍ പേസ്, രോഹന്‍ ബൊപ്പണ്ണ, സോംദേവ് ദേവ് വര്‍മ്മന്‍ എന്നീ വമ്പന്‍ താരങ്ങളാണ് അന്താരാഷ്‌ട്ര സര്‍ക്യൂട്ടിന്റെ പേരുപറഞ്ഞ് ഏഷ്യന്‍ ഗെയിംസിനെ വേണ്ടെന്നുവച്ചത്. ബോക്‌സര്‍ വിജേന്ദര്‍ സിംഗും ഗുസ്തിക്കളത്തിലെ തുറുപ്പുചീട്ട് സുശില്‍ കുമാറുമൊന്നും ഇഞ്ചിയോണിലേക്കില്ല. പരിക്കാണ് വിജേന്ദറിനെ ചതിച്ചത്. റിയോ ഒളിംപിക്‌സ് ഉന്നംവച്ചുള്ള പരിശീലനം സുശിലിനെയും മാറി നില്‍ക്കാന്‍ പ്രേരിപ്പിച്ചു. വിജേന്ദറും സുശിലും രാജ്യത്തിന് ഏതെങ്കിലുമൊരു മെഡല്‍ കൊണ്ടുവന്നേനെയെന്നതില്‍ സംശയമില്ലായിരുന്നു.
സാനിയ മിര്‍സ കളിക്കാമെന്ന് പ്രഖ്യാപിച്ചത് വനിതാ ടെന്നീസ് ടീമിന് ഉണര്‍വേകുന്ന കാര്യമായി. ഡബിള്‍സില്‍ മെഡല്‍ നല്‍കുമെന്ന് സാനിയ വാഗ്ദാനം ചെയ്യുന്നു. എങ്കിലും ഗ്വാങ്ഷുവില്‍ സിംഗിള്‍സിലും ഡബിള്‍സിലും സ്വര്‍ണമണിഞ്ഞ സോംദേവ് അടക്കമുള്ളവരുടെ അഭാവം പുരുഷ വിഭാഗത്തില്‍ കഴിഞ്ഞതവണത്തെ നേട്ടമാവര്‍ത്തിക്കാന്‍ കഴിയില്ലെന്നത് അടിവരയിടുന്നു. 2010ല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് ഇന്ത്യയ്‌ക്ക് 5 മെഡലുകള്‍ ലഭിച്ചിരുന്നു. അതേസമയം, ബാഡ്മിന്റണില്‍ സൈന നെവാളും പി.വി. സിന്ധുവും മെഡല്‍ പ്രതീക്ഷകളുടെ തിളക്കമേറ്റുന്നുണ്ട്. സുശില്‍ ഇല്ലാത്ത സാഹചര്യത്തില്‍ മറ്റൊരു ഒളിംപിക് മെഡല്‍ ജേതാവ് യോഗേശ്വര്‍ ദത്താണ് ഗോദയിലെ അമരക്കാരന്‍. വനിതാ ബോക്‌സിങ്ങില്‍ മേരി കോം മെഡല്‍ ഇടിച്ചിടാനുണ്ടാവും. സ്‌ക്വാഷില്‍ പിന്മാറ്റ ഭീഷണി മുഴക്കിയെങ്കിലും ദീപിക പള്ളിക്കല്‍ മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അഭിനവ് ബിന്ദ്ര നയിക്കുന്ന ഷൂട്ടര്‍മാരും മെഡല്‍ ശേഖരത്തിലേക്ക് മികച്ച സംഭാവനകള്‍ നല്‍കിയേക്കാം. ചൈനയുടെയും ദക്ഷിണ കൊറിയയുടെയും താരങ്ങളാവും ഷൂട്ടിംഗില്‍ ഇന്ത്യയ്‌ക്ക് പ്രധാന വെല്ലുവിളി ഉയര്‍ത്തുക. അത്‌ലറ്റിക്‌സില്‍ വികാസ് ഗൗഡ, കൃഷ്ണ പൂനിയ, സീമ പൂനിയ (മൂവരും ഡിസ്‌കസ്) മെഡലിലേക്കുള്ള ദൂരംതാണ്ടിയേക്കാം.
ഹോക്കിയില്‍ പരമ്പരാഗത വൈരിയായ പാക്കിസ്ഥാനെക്കാളും ദക്ഷിണ കൊറിയയെക്കാളും ഇപ്പോള്‍ ഇന്ത്യ നല്ല ഫോമിലാണ്. അതിനാല്‍ത്തന്നെ സ്വര്‍ണത്തില്‍ കുറഞ്ഞൊന്നും ആശ്വാസമാവില്ല. 1990ല്‍ അരങ്ങേറിയതു മുതല്‍ എതിരാളികളില്ലാതെ വാഴുന്ന കബഡിയിലും ഇന്ത്യയെ സംബന്ധിച്ചടത്തോളം കാര്യങ്ങള്‍ അങ്ങനെയൊക്കെതന്നെ.
ഇതൊക്കെയാണങ്കിലും ടീമിന്റെ വലിപ്പംവെട്ടിക്കുറച്ചതിനെതിരെ ചില ദിക്കുകളില്‍ നിന്നുയര്‍ന്ന മുറുമുറുപ്പ് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. 662 അത്‌ലറ്റുകളും 280 ഒഫീഷ്യല്‍സും അടങ്ങുന്ന 942 അംഗ സംഘത്തെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ശുപാര്‍ശ ചെയ്തത്. എന്നാല്‍ കേന്ദ്ര കായിക മന്ത്രാലയം ടീമിന്റെ അംഗബലം 679ആക്കി കുറച്ചു.
















