അറ്റ്ലാന്റ: ക്രിക്കറ്റില്‍ ബാറ്റില്‍ കൊണ്ടു പറന്ന പന്ത് കാണികളിലൊരാളുടെ തലയില്‍ വീഴുന്നതും ഫുട്ബോളില്‍ പെനാല്‍റ്റി കിക്കുകളില്‍ ചിലത് ഗ്യാലറിയിലേക്കു പോകുന്നതുമൊക്കെ നിങ്ങള്‍ കണ്ടിട്ടുണ്ട്. ഗോള്‍ഫും അതുപോലുള്ള കാഴ്ച്ചകളുടെ വേദി തന്നെ.
അമേരിക്കയില്‍ നടക്കുന്ന ടൂര്‍ ചാംപ്യന്‍ഷിപ്പിനിടെ ലോക ഒന്നാം നമ്പര്‍ ബ്രിട്ടന്റെ റോറി മക്കെല്‍റോയ് ഒരു ഷോട്ട് തൊടുത്തു… പന്ത് വലത്തോട്ടു തിരിഞ്ഞ് മരത്തില്‍ തട്ടി താഴെവീണു. ആരാധകര്‍ ചേര്‍ന്ന് പന്തു തെരഞ്ഞു. പക്ഷേ, എവിടെ കിട്ടാന്‍. പെട്ടെന്നാണ് ഒരാള്‍ തിരിച്ചറിഞ്ഞത് പന്ത് തന്റെ ഷോര്‍ട്ട്സിന്റെ വലത്തെ പോക്കറ്റില്‍ കിടന്നു വീര്‍പ്പുമുട്ടുന്നു. ഏവരിലും ചിരിപടര്‍ത്തിയ സംഭവത്തിനുശേഷം മത്സര നിയമപ്രകാരം മക്കെല്റോയ്ക്കു കളി തുടരാന്‍ അനുമതി നല്കി.
ഗോള്‍ഫ് കളങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞവര്‍ഷം പിജിഎ ചാമ്പ്യന്‍ഷിപ്പിന്റെ മൂന്നാം റൗണ്ടിനിടെ സ്വീഡന്റെ ജൊനാസ് ബ്ലിസ്റ്റിന്റെ ഷോട്ട് ചെന്നു പതിച്ചത് ഒരു കാണിയുടെ ബാക്ക് പോക്കറ്റില്‍. സ്കോട്ടിഷ് ഓപ്പണിനിടെ മക്കെല്റോയിയുടെ അടിച്ച പന്ത് ആരാധകന്റെ പാന്റില്‍ കുടുങ്ങിയത് മറ്റൊരു സംഭവം.
















