ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ ടീമുകളുടെ അങ്കം സമനിലയില്‍. നിലവിലെ ചാമ്പ്യന്‍ മാഞ്ചസ്റ്റര്‍ സിറ്റിയും മുന്‍ ജേതാവ് ആഴ്‌സനലും രണ്ടു ഗോള്‍വീതം പങ്കിട്ടെടുത്തു. ഇതോടെ തുടര്‍ച്ചയായ രണ്ടാം തോല്‍വി എന്ന വിധിവൈപരീത്യത്തില്‍ നിന്ന് സിറ്റി രക്ഷപ്പെട്ടു. കഴിഞ്ഞ മത്സരത്തില്‍ സ്റ്റോക്കിനോട് മാഞ്ചസ്റ്റര്‍ ടീം മുട്ടുകുത്തിയിരുന്നു.
വാശിയേറിയ കളിയില്‍ ഇരു സംഘങ്ങള്‍ക്കും ജയത്തിനേറെ അവസരങ്ങള്‍ ലഭിച്ചു. സിറ്റി ഫ്രാങ്ക് ലാപാംര്‍ഡിനും ഗണ്ണേഴ്‌സ് ഡാനി വെല്‍ബക്കിനും പന്തു തട്ടാന്‍ അവസരം നല്‍കി. 28-ാം മിനിറ്റില്‍ ജീസസ് നവാസിന്റെ ക്രോസ് പോസ്റ്റിനരുകില്‍ നിന്ന് ലക്ഷ്യത്തിലെത്തിച്ച് സെര്‍ജിയോ അഗ്യൂറോ സിറ്റിക്ക് ലീഡ് സമ്മാനിച്ചു (1-0). എന്നാല്‍ 63-ാം മിനിറ്റില്‍ ആഴ്‌സനലിന്റെ തിരിച്ചടി. ആരോണ്‍ റാംസിയുടെ പാസ് സ്വീകരിച്ച ജാക് വില്‍ഷെര്‍ ഗെയ്ല്‍ ക്ലിച്ചിയെ വെട്ടിച്ച് സിറ്റിയുടെ വലകുലുക്കി (1-1). പിന്നെ അലക്‌സി സാഞ്ചസിന്റെ ഉശിരന്‍ വോളിയിലൂടെ (74-ാം മിനിറ്റ്) ആഴ്‌സന്‍ വെംഗറുടെ കുട്ടികള്‍ മുന്നില്‍ (2-1).
പക്ഷേ. നിശ്ചിത സമയത്തിലെത്താന്‍ ഏഴു മിനിറ്റ് അവശേഷിക്കെ ഇടതു വിങ്ങില്‍ നിന്ന് അലക്‌സാണ്ടര്‍ കൊളറോവ് നല്‍കിയ അളന്നു മുറിച്ച ക്രോസിന് പൂര്‍ണതയേകി മാര്‍ട്ടിന്‍ ഡെമിഷ്യലിസ് സിറ്റിക്ക് ആശ്വാസത്തിന്റെ സമനില ഒരുക്കി (2-2). തുടര്‍ന്ന് സിറ്റിക്കുവേണ്ടി കൊളറോവും എഡിന്‍ സെക്കോയും നടത്തിയ ഗോള്‍ ശ്രമങ്ങള്‍ ഫലം കാണാതായപ്പോള്‍ സ്‌കോര്‍ലൈന്‍ സമാസമം.
മറ്റൊരു മത്സരത്തില്‍ ഡീഗോ കോസ്റ്റയുടെ ഹാട്രിക്കിന്റെ ബലത്തില്‍ സ്വാന്‍സിയെ ചെല്‍സി 4-1 ന് മുക്കി. 45, 56, 67 മിനിറ്റുകളിലായിരുന്നു കോസ്റ്റയുടെ ഗോളു കള്‍. ലോയിക് റെമി (81) ബ്ലൂസിന്റെ മറ്റൊരു സ്‌കോറര്‍. ജോണ്‍ ടെറിയുടെ (11) സെല്‍ഫ് ഗോള്‍ സ്വാന്‍സിക്ക് സ്വാന്തനമേകി.
















