തൊടുപുഴ : ചിറ്റൂര്‍ അങ്കംവെട്ടി കവലയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന കിടക്ക നിര്‍മ്മാണ ഫാക്ടറിയിലെ കക്കൂസ് മാലിന്യം തോട്ടിലേക്കൊഴുക്കുന്നു. ഈസ്റ്റേണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള സുനിദ്ര കിടക്ക നിര്‍മ്മാണ ഫാക്ടറിയാണ് നാട്ടുകാരുടെ സൈ്വര്യത തകര്‍ക്കുന്നത്. എണ്‍പതോളം ജീവനക്കാരുള്ള ഈ ഫാക്ടറിയിലുള്ള ബാത്ത്റൂം നിറഞ്ഞ് കവിഞ്ഞാണ് മാലിന്യം പുറത്തേയ്ക്കൊഴുകുന്നത്.
മാലിന്യം മൂലം നടയില്‍ തോട് മാലിന്യ വാഹിനിയായിത്തീര്ന്നിരിക്കുന്നു. ഫാക്ടറിക്ക് സമീപം താമസിക്കുന്ന തങ്കച്ചന് എന്നയാളുടെ പുരയിടത്തിലേക്കും മാലിന്യം ഒഴുകിയെത്തുന്നുണ്ട്. ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളില്‍ ഇദ്ദേഹം പരാതി നല്‍കിയെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ തയ്യാറായിട്ടില്ല. കിടക്ക നിര്‍മ്മാണ ഫാക്ടറിയില്‍ നിന്നും ചില സര്‍ക്കാര്‍ ഉദ്ദ്യോഗസ്ഥര്‍ പാരിതോഷികം വാങ്ങുന്നതായും ആക്ഷേപമുണ്ട്. ഫാക്ടറിയിലേക്ക് വരുന്ന ലോറികളില്‍ അളവില്‍ കൂടുതല്‍ സാമഗ്രികള്‍ കയറ്റുന്നതായും ആക്ഷേപമുണ്ട്. ലോറികള്‍ കടന്ന് പോകുമ്പോള്‍ പ്രദേശത്തെ കേബിളുകള്‍ നശിക്കുന്നതും പതിവാണ്. ഇതേക്കുറിച്ച് ഫാക്ടറി അധികൃതരോട് പറഞ്ഞാല്‍ ഞങ്ങള്‍ ടാക്സ് അടച്ചിട്ടാണ് സാധനങ്ങള്‍ കൊണ്ടുപോകുന്നതെന്ന ധിക്കാരമറുപടിയാണ് ലഭിക്കുന്നത്. നാട്ടുകാരെ ദ്രോഹിക്കുന്ന വിവാദ ഫാക്ടറി പൂട്ടണമെന്ന് പ്രകൃതിസംരക്ഷണവേദി സംസ്ഥാന പ്രസിഡന്റ് എം.എന്‍. ജയചന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: