വാഷിങ്ടണ്‍: ഐഎസ്ഐഎസ് ഭീകരര്‍ക്കെതിരെ സിറിയയില്‍ വ്യോമാക്രമണം നടത്താന്‍ യു എസ് പ്രസിഡന്റ് ബറാക് ഒബാമ ഔദ്യോഗികമായി അനുമതി നല്കി. അമേരിക്കയിലെ രണ്ട് പ്രമുഖ ദിനപത്രങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഏതാനും ആഴ്ച മുമ്പ് ഇറാഖില്‍ സുന്നി ഭീകരര്‍ക്കെതിരെ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സിറിയയിലും സൈനിക ഇടപെടല്‍ നടത്താനുള്ള അമേരിക്കയുടെ പുതിയ തീരുമാനമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഐഎസ്ഐഎസ് ഭീകരര്‍ മാസങ്ങള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സിറിയയിലും ഇറാഖിലുമായി നിരവധി പ്രവിശ്യകള്‍ പിടിച്ചെടുത്തിരുന്നു. ഭീകരരുമായി യുദ്ധം ചെയ്യുമെന്ന് ഒബാമ ബുധനാഴ്ച്ച നടത്തിയ പ്രസംഗത്തില്‍ സൂചിപ്പിക്കുകയും ചെയ്തു. അമേരിക്ക സിറിയയില്‍ ഭീകരര്‍ക്കെതിരെ വ്യോമാക്രമണം നടത്തണമെന്നത് സിറിയന്‍ പ്രതിപക്ഷത്തിന്റെ ദീര്‍ഘനാളത്തെ ആവശ്യമാണ്.
രണ്ട് അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകരെ ഐഎസ്ഐഎസ് ഭീകരര്‍ കഴുത്തറുത്ത് കൊന്നിരുന്നു. ഇതോടെയാണ് ഭീകരര്‍ക്കെതിരെ ശക്തമായ ഇടപെടലിനൊരുങ്ങി അമേരിക്ക മുന്നോട്ട് വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: