ന്യൂദല്‍ഹി: കാശ്മീരിലെ പ്രളയത്തില്‍ കുടുങ്ങിയ മലയാളികള്‍ എല്ലാവരും സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. മലയാളികളില്‍ കൂടുതല്‍ പേരെ ഇന്നെത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
കാശ്മീരില്‍ കുടുങ്ങിയവരെ കുറിച്ച് ഒരു പരിഭ്രാന്തിയും വേണ്ട. ക്ഷേത്രങ്ങളിലും മറ്റിടങ്ങളിലും കുടുങ്ങിയവരെ രക്ഷിച്ചു വരികയാണ്. ഇതുവരെ 91 പേരെ രക്ഷിച്ചിട്ടുണ്ടെന്നും മന്ത്രി ദല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലയാളികളെ രക്ഷിക്കാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ഉറപ്പു നല്‍കിയിട്ടുണ്ട്. ജെയ്റ്റ്ലിയുമായി താന്‍ ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രതിരോധ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയതായും ജെയ്റ്റ്ലി തന്നെ അറിയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
രക്ഷപ്പെടുത്തിയവര്‍ക്ക് ദല്‍ഹി കേരളാ ഹൗസില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം ടൂര്‍ ഓപ്പറേറ്റര്‍മാരും സൗകര്യങ്ങള്‍ ചെയ്തു കൊടുത്തിട്ടുണ്ട്. നാട്ടിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ഇല്ലാത്തവര്‍ക്ക് സൗജന്യമായി ടിക്കറ്റ് നല്‍കുന്നതിനും സര്‍ക്കാര്‍ ഒരുക്കമാണ്. അതേസമയം ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മടക്ക ടിക്കറ്റ് അടക്കമാണ് വിനോദസഞ്ചാരികള്‍ക്ക് നല്‍കിയിട്ടുള്ളത്. ഇനി ഏതെങ്കിലും കാരണവശാല്‍ ടിക്കറ്റ് ഇല്ലാത്ത ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് സര്‍ക്കാര്‍ ടിക്കറ്റ് നല്‍കും.
കേരളത്തിലുള്ള കാശ്മീല്‍ സ്വദേശികളുടെ ബന്ധുക്കളെ കുറിച്ച് വിവരം ശേഖരിക്കും. ഇതിനായി പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കശ്മീരിലെ പ്രളയത്തില്‍ കാണാതായി എന്ന് സംശയിച്ച കാസര്‍കോട് മാനടുക്ക സ്വദേശി ലാന്‍സ് നായിക് ഹരിദാസ് സുരക്ഷിതനെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹം രാവിലെ വീട്ടുകാരുമായി ബന്ധപ്പെട്ടു.സൈന്യവും ദേശീയ ദുരന്തനിവാരണസേനയും ഇതുവരെ വെള്ളപ്പൊക്കത്തിലകപ്പെട്ട 49000ലധികം പേരെ രക്ഷപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: