മാഡ്രിഡ്: യൂറോ 2016 യോഗ്യതാ പോരാട്ടങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനും കരുത്തരായ ഇംഗ്ലണ്ടും റഷ്യയും വിജയം സ്വന്തമാക്കിയപ്പോള്‍ ഉക്രെയിന്‍ തോല്‍വി ഏറ്റുവാങ്ങി. മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ സമനില വഴങ്ങി.
ഗ്രൂപ്പ് ഇയില്‍ നടന്ന ആദ്യ മത്സരത്തില്‍ കരുത്തരായ ഇംഗ്ലണ്ട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്വിറ്റ്‌സര്‍ലന്റിനെയാണ് തകര്‍ത്തപ്പോള്‍ ഗ്രൂപ്പ് സിയില്‍ സ്‌പെയിന്‍ 5-1ന് മാസിഡോണിയയെ കീഴടക്കി. ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ റഷ്യ 4-0ന് ലിച്ചന്‍സ്റ്റീനെയാണ് കീഴടക്കിയത്.
സ്വിറ്റ്‌സര്‍ലന്റിനെതിരായ എവേ പോരാട്ടത്തില്‍ ആഴ്‌സണല്‍ താരം ഡാനി വെല്‍ബാക്കിന്റെ ഇരട്ട ഗോളുകളാണ് ഇംഗ്ലണ്ടിന് മികച്ച വിജയം നേടിക്കൊടുത്തത്. ഗോള്‍രഹിതമായ ആദ്യപകുതിക്കുശേഷം 58-ാം മിനിറ്റിലും ഇഞ്ച്വറി സമയത്തുമാണ് വെല്‍ബാക്ക് സ്വിറ്റ്‌സര്‍ലന്റ് വലയിലേക്ക് നിറയൊഴിച്ചത്. റഹീം സ്‌റ്റെര്‍ലിങിന്റെ ക്രോസില്‍ നിന്നായിരുന്നു ആദ്യഗോള്‍. ക്യാപ്റ്റന്‍ വെയ്ന്‍ റൂണിക്ക് പകരമിറങ്ങിയ റിക്കി ലാംബര്‍ട്ട് ഇഞ്ച്വറി സമയത്ത് നല്‍കിയ പാസ് ലക്ഷ്യത്തിലെത്തിച്ചാണ് വെല്‍ബാക്ക് പട്ടിക തികച്ചത്. രണ്ട് തകര്‍പ്പന്‍ രക്ഷപ്പെടുത്തലുകള്‍ നടത്തിയ ഗോളി ജോ ഹാര്‍ട്ടും ഇംഗ്ലീഷ് ജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളില്‍ ലിത്വാനിയ 2-0ന് സാന്‍ മരിനോയെയും എസ്‌റ്റോണിയ 1-0ന് സ്ലോവേനിയയെയും കീഴടക്കി.
ഗ്രൂപ്പ് സിയില്‍ നടന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനിന് മാസിഡോണിയ എതിരാളിയേ അല്ലായിരുന്നു. ലോകകപ്പിലെ ദയനീയ പ്രകടനത്തിനും അതിനുശേഷം കഴിഞ്ഞ ദിവസം സൗഹൃദ മത്സരത്തില്‍ ഫ്രാന്‍സിനോടും പരാജയപ്പെട്ട സ്പാനിഷ് പട ഇന്നലെ മികച്ച കളിയാണ് പുറത്തെടുത്ത്. ഇക്കഴിഞ്ഞ ലോകകപ്പിനുശേഷം ദേശീയ ടീമിനോട് വിടപറഞ്ഞ സാവി, സാബി അലോണ്‍സോ, ഡേവിഡ് വിയ്യ എന്നിവരുടെ വിരമിക്കലിനുശേഷമുള്ള സ്‌പെയിനിന്റെ ആദ്യ ഔദ്യോഗിക മത്സരമായരുന്നു ഇത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡേവിഡ് സില്‍വയായിരുന്നു പ്ലേ മേക്കറുടെ റോളില്‍. താരം ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു. സ്‌പെയിന്‍ നേടിയ അഞ്ചു ഗോളുകളില്‍ നാലിനും സില്‍വയ്‌ക്ക് പങ്കുണ്ടായിരുന്നു. പരിക്കേറ്റ സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റക്ക് പകരം പാക്കൊ അല്‍സാസെര്‍ ടീമില്‍ ഇടംപിടിച്ചു.
15-ാം മിനിറ്റില്‍ സില്‍വ നേടിക്കൊടുത്ത പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചാണ് സെര്‍ജി റാമോസ് സ്‌കോറിംഗിന് തുടക്കമിട്ടത്. രണ്ട് മിനിറ്റിനുള്ളില്‍ പാക്കൊ അല്‍സാസെര്‍ ലീഡുയര്‍ത്തി. 28-ാം മിനിറ്റില്‍ ഇബ്രായിമി പെനാല്‍റ്റിയിലൂടെ മാസിഡോണിയയുടെ ആദ്യപകുതിയുടെ ഇഞ്ച്വറി സമയത്ത് സെര്‍ജിയോ ബുസ്‌ക്കറ്റസ് ചെമ്പടയുടെ ലീഡ് ഉയര്‍ത്തി. പിന്നീട് 50-ാം മിനിറ്റില്‍ കളംനിറഞ്ഞു കളിക്കുകയും സ്പാനിഷ് മുന്നേറ്റങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡേവിഡ് സില്‍വയും കളി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് പെഡ്രോയും ലക്ഷ്യം കണ്ടതോടെ നിലവിലെ ചാമ്പ്യന്മാരുടെ യോഗ്യതാ റൗണ്ടിലെ ഉദ്ഘാടന പോരാട്ടം രാജകീയമായി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഉക്രെയിന്‍ പരാജയപ്പെട്ടു. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ സ്ലൊവാക്യയോടാണ് ഉക്രെയിന്‍ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ടത്. 17-ാം മിനിറ്റില്‍ റോബര്‍ട്ട് മാക്കാണ് സ്ലൊവാക്യയുടെ വിജയഗോള്‍ നേടിയത്. അതേസമയം ലക്‌സംബര്‍ഗും ബലാറസും തമ്മില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
ഗ്രൂപ്പ് ജിയില്‍ നടന്ന മത്സരത്തില്‍ റഷ്യ രണ്ട് സെല്‍ഫ് ഗോളുകളുടെ സഹായത്തോടെ ലിച്റ്റന്‍സ്റ്റയിനെ 4-0ന് പരാജയപ്പെടുത്തിയത്. റഷ്യക്ക് വേണ്ടി 54-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ കൊംബറോവും 65-ാം മിനിറ്റില്‍ സ്യൂബയും ഗോള്‍ നേടിയപ്പോള്‍ കളിയുടെ നാലാം മിനിറ്റില്‍ ബുച്ചെലിന്റെയും 50-ാം മിനിറ്റില്‍ ബര്‍ഗ്‌മെയ്‌റുടെയും വകയായിരുന്നു സെല്‍ഫ് ഗോളുകള്‍.
അതേസമയം മറ്റൊരു മത്സരത്തില്‍ സൂപ്പര്‍താരം സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചിന്റെ സ്വീഡന്‍ സമനിലകൊണ്ട് തൃപ്തരായി. ആസ്ട്രിയയാണ് സ്വീഡനെ 1-1ന് സമനിലയില്‍ തളച്ചത്. മറ്റൊരു മത്സരത്തില്‍ മോണ്ടനെഗ്രോ 2-0ന് മോള്‍ഡോവയെ പരാജയപ്പെടുത്തി യോഗ്യതാ പോരാട്ടം വിജയത്തോടെ തുടങ്ങി.
















