ജമ്മു: പ്രളയത്തെ തുടര്‍ന്ന് ജമ്മുകാഷ്മീരില്‍ 369 മലയാളികള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കിയത്.
കുടുങ്ങിക്കിടക്കുന്ന മലയാളികളില്‍ 58 പേര്‍ ഇന്ന് രാവിലെ ദല്‍ഹിയില്‍ മടങ്ങിയെത്തി. പതിനെട്ട് പേര്‍ ഇന്നലെ രാത്രി മടങ്ങിയെത്തിയിരുന്നു.
അതിനിടെ ജമ്മു കശ്മീരില്‍ കുടുങ്ങിയ മലയാളികളില്‍ 50 പേര്‍ കൂടി ഇന്ന് ദല്‍ഹിയില്‍ എത്തും. കാശ്മീരില്‍ കുടുങ്ങി കിടക്കുന്ന മറ്റുള്ളവര്‍ സുരക്ഷിതരാണെന്ന് കേരളാ റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു.
എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള ഇവര്‍ ദാല്‍ എന്ന സ്ഥലത്തിന് സമീപത്തുള്ള ഹോട്ടലിലാണ്. ഇവരെ ദല്‍ഹിയെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും ആവശ്യമായ ഭക്ഷണവും മറ്റും ഇവര്‍ക്ക് നല്‍കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
ഉപലോകായുക്ത ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, നടി അപൂര്‍വ ബോസ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി. രവീന്ദ്രന്‍ എന്നിവരുള്‍പ്പെടെയുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. കാശ്മീര്‍ മന്ത്രി രമണ്‍ ഭുല്ലയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഫോണില്‍ ബന്ധപ്പെട്ടു.
മലയാളികളെ രക്ഷിക്കാന്‍ എല്ലാവിധ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ചെന്നിത്തല പറഞ്ഞു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ രമേശ് ചെന്നിത്തല ദല്‍ഹിക്ക് പോവും.
അതേസമയം കാശ്മീര്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 170 കവിഞ്ഞു. ശ്രീനഗര്‍ ഉള്‍പ്പടെ പത്ത് ജില്ലകള്‍ ഇപ്പോഴും വെള്ളത്തിനടിയിലാണ്.
















