കൊച്ചി: നന്ദുവിന് ജീവന്‍ നിലനിര്‍ത്താന്‍ ചേച്ചി മജ്ജ നല്‍കും. ഇനി വേണ്ടത് 25 ലക്ഷം രൂപയാണ്. കണ്ണമാലി ചിന്മയ വിദ്യാലയത്തിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ നന്ദകിഷോര്‍ മൂന്ന് വര്‍ഷമായി രക്താര്‍ബുദം ബാധിച്ച് ലേക്‌ഷോര്‍ ആശുപത്രിയില്‍ ഡോ.ഗംഗാധരന്റെ ചികിത്സയിലാണ്. ഓടിക്കളിക്കേണ്ട പ്രായത്തില്‍ കീമോയ്‌ക്ക് വിധേയനായി അവശനായ കുട്ടിക്ക് ഇനി ജീവിതത്തിലേക്ക് മടങ്ങി വരണമെങ്കില്‍ മജ്ജ മാറ്റിവയ്‌ക്കല്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയനാകണം.
കേരളത്തില്‍ ഇതിനുള്ള സൗകര്യം ഇല്ലാത്തതിനാല്‍ ഡോ.ഗംഗാധരന്‍ വെല്ലൂര്‍ ഹോസ്പിറ്റലിലേക്ക് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന സഹോദരിയുടെ മജ്ജ പരിശോധനയില്‍ യോജിക്കുമെന്ന് കണ്ടിട്ടുണ്ട്. മജ്ജ ട്രാന്‍സ്പ്ലാന്റ് ചെയ്യണമെങ്കില്‍ 25 ലക്ഷത്തിലധികം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നു. നിര്‍ധനരായ മാതാപിതാക്കള്‍ക്ക് ഇത് താങ്ങാന്‍ സാധിക്കാത്ത അവസ്ഥയാണ്. സമൂഹത്തിന്റെ കരുണക്കായി കാത്തിരിക്കുകയാണ് ഈ കുടുംബം. ചികിത്സാ സഹായാര്‍ത്ഥം ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ‘നന്ദു ചികിത്സാ സഹായനിധി’ രൂപീകരിച്ചിട്ടുണ്ട്.
ഫെഡറല്‍ ബാങ്ക് പള്ളുരുത്തി ശാഖയിലെ എസ്ബി 11830100262655, ഐഎഫ്എസ്‌സി കോഡ്: എഫ്ഡിആര്‍എല്‍ 0001183 എന്ന അക്കൗണ്ട് നമ്പറില്‍ സംഭാവന നല്‍കാവുന്നതാണ്. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ആശ രാധാകൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡന്റ് കെ.പി.തങ്കച്ചന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
















