അടിമാലി : വെള്ളത്തൂവലില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ച് കൊള്ളയടിക്കാന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതി അറസ്റ്റില്‍. കമ്പിളികണ്ടം ആനിയാട്ട് അരുണ്‍ (23)ആണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെ പെരുമ്പാവൂരില്‍ നിന്നാണ് അടിമാലി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വഞ്ചന, മോഷണം എന്നിങ്ങനെ നാലോളം കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. അരുണിനെ ഇന്ന് അടിമാലി കോടതിയില്‍ ഹാജരാക്കും. മോഷണസംഘത്തില്‍ ഉണ്ടായിരുന്ന അടിമാലി തോട്ടുവയലില്‍ ജോബിന് (20), ചോറ്റാനിക്കര കാരിക്കോട് കടമാട്ട് സന്തോഷ്, മുളന്തുരുത്തി കരോട്ടുകുരിശുഭാഗം ഇടുപ്പന്കാട്ടില് സിനില്‍ എന്ന വര്‍ഗ്ഗീസ് (34), കോതമംഗലം വാരപ്പെട്ടി കുന്നുംപുറത്ത് രതീഷ് എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ 25ന് പുലര്‍ച്ചെ 2 മണിയോടെ ബാങ്കിന്റെ ബാത്ത്റൂമിന്റെ വെന്റിലേറ്റര്‍ തകര്‍ത്താണ് പ്രതികള്‍ അകത്ത് കയറിയത്. സെക്യൂരിറ്റുയുടെ യൂണിഫോം ജോബിന് എന്ന പ്രതി ധരിച്ചു. മറ്റുള്ളവര്‍ മങ്കി ക്യാപ്പും ധരിച്ചു. ഇതിന് ശേഷം ബാങ്കിലെ നിരീക്ഷണ ക്യാമറ മൂടി. ലോക്കര്‍ തകര്‍ക്കുന്നതിനിടെ അലാറം അടിച്ചതോടെ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ മുളകുപൊടു മണലില്‍ ചേര്‍ത്ത് കൊണ്ടുവന്നത് ബാങ്കിനുള്ളില്‍ നിന്നും പോലീസ് കണ്ടെടുത്തിരുന്നു. ഇതേചുറ്റിപ്പറ്റിയുള്ള അന്വേഷണത്തിലാണ് മുളകുപൊടു ഫാക്ടറിയിലെ ജീവനക്കാരനായ അരുണിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. ചോദ്യം ചെയ്യലിന് ശേഷം അരുണിനെ വിട്ടയച്ചെങ്കിലും ഇയാള്‍ മുങ്ങിയത് സംശയത്തിനിടയാക്കിയത്. പിന്നീട് അരുണിന്റെ സംഘാംഗങ്ങളെ അറസ്റ്റു ചെയ്തപ്പോഴാണ് കേസിന് പൂര്ണ്ണതുമ്പ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: