ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ സ്ഥിതിഗതികള്‍ തത്ക്കാലം ശാന്തമാകുന്നു. പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരായ പ്രക്ഷോഭത്തില്‍ അയവു വന്നതായാണ് റിപ്പോര്‍ട്ടുകള്‍. വിമതനേതാക്കള്‍ സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറായതോടെയാണ് ഒരാഴ്ചയായി തുടരുന്ന പ്രക്ഷോഭത്തിന് അയവുവന്നത്.
നവാസിന്റെ രാജിതേടി പ്രതിപക്ഷ പാര്‍ട്ടി നേതാവ് ഇമ്രാന് ഖാന്, മതനേതാവ് തഹീര്‍ ഉള് ക്വാദ്രി എന്നിവരുടെ നേതൃത്വത്തില്‍ ആയിരക്കണക്കിനുപേരാണ് കഴിഞ്ഞയാഴ്ച സമരം നടത്തിയത്. എന്നാല്‍ ഇന്നലെ സമരാനുകൂലികളുടെ എണ്ണം കുറഞ്ഞു. നൂറോളം പേര് മാത്രമാണ് പാര്‍ലമെന്റിനുപുറത്ത് നടക്കുന്ന സമരത്തില്‍ പങ്കെടുക്കാനുണ്ടായിരുന്നത്. അതീവസുരക്ഷാ മേഖലയായ ഇവിടെ സൈന്യവും കാവല്‍ നില്‍ക്കുന്നുണ്ട്.
രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഒരാഴ്ചയായി സമരം തുടര്‍ന്നിട്ടും രാജിക്ക് തയ്യാറല്ലെന്ന ഉറച്ചനിലപാടിലായിരുന്നു ഷെരീഫ്. ഇതിനിടെ സമാധാന ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചപ്പോള്‍ ഇമ്രാന് ഖാനും ക്വാദ്രിയും അതു തള്ളിക്കളഞ്ഞു.
സൈന്യം അധികാരം പിടിച്ചെടുക്കുമെന്ന സ്ഥിതിവരെ രാജ്യത്ത് ഉണ്ടായി. ഇതിനിടെയാണ് നിലവിലെ സംഭവങ്ങള്‍ക്ക് രാഷ്ട്രീയ പരിഹാരം കണ്ടെത്താന്‍ സമാധാന ചര്‍ച്ച വിളിച്ചുചേര്‍ക്കുന്നത്. പ്രതിഷേധക്കാരുടെ പ്രതിനിധികളും സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചയാണ് വിളിച്ചുചേര്‍ത്തിരിക്കുന്നത്. സമവായചര്ച്ചക്കു തയ്യാറാണെന്ന് ഇമ്രാന് ഖാനും ക്വാദ്രിയും അറിയിച്ചു കഴിഞ്ഞു.
ആഗസ്റ്റ് മധ്യത്തോടെയാണ് പ്രധാനമന്ത്രി നവാസ് ഷെരീഫിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് രാജി ആവശ്യം ശക്തിപ്പെട്ടത്. ഇക്കാര്യം ഉന്നയിച്ച് പ്രക്ഷോഭകര്‍ പാര്‍ലമെന്റിനു പുറത്ത് സമരവും റാലികളും സംഘടിപ്പിച്ചു.
ജനവിധിയിലൂടെ അധികാരത്തിലേറി 15 മാസം മാത്രമായ സര്‍ക്കാരിനെ അംഗീകരിക്കില്ലെന്ന നിലപാടിലായിരുന്നു പ്രക്ഷോഭകര്‍ ഇതുവരെ. തെരഞ്ഞെടുപ്പില്‍ കൃത്രിമം കാണിച്ചാണ് നവാസ് ഷെരീഫ് അധികാരത്തിലെത്തിയതെന്നായിരുന്നു തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി ചെയര്മാന് ഇമ്രാന്‍ഖാന്റെയും പാക് മത നേതാവും അവാമി തെഹ്രിക് പാര്‍ട്ടി മേധാവിയുമായ താഹിര്‍ ഉള് ക്വാദ്രിയുടെയും ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: