വാഷിംഗ്ടണ്‍: തട്ടിക്കൊണ്ടുപോയ രണ്ടാമത്തെ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനെയും സുന്നി ഭീകരര്‍ തലയറുത്തുകൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രസിഡന്റ് ബരാക് ഒബാമ സമ്മര്‍ദ്ദത്തില്‍. ലോക സമാധാനത്തിന് ഭീഷണിയായ ഐസിസ് (ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ലെവാന്റ്) ഭീകരരെ നേരിടാന്‍ വ്യക്തമായ നയം രൂപപ്പെടുത്താത്ത ഒബാമയുടെ നിലപാടിനെതിരെ അമേരിക്കയുടെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുതുടങ്ങി. സിറിയയില്‍ വ്യോമാക്രമണത്തിനില്ലെന്ന് ഒബാമ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുന്നി ഭീകരരെ ഇല്ലാതാക്കാന്‍ കൃത്യമായൊരു ഉപായം കണ്ടെത്തുന്നതിനും അവരെ നേരിടാന്‍ മറ്റു രാജ്യങ്ങളുടെകൂടി ചേര്‍ത്ത് വിശാല സഖ്യത്തിന്റെ സാധ്യത തേടുന്നതിനും ഒബാമ നിര്‍ബന്ധിതനായിരിക്കുകയാണ്.
ഒബാമയുടെ വിദേശ നയത്തില്‍ വിള്ളലുകള്‍ വീണെന്ന് ലൂസിയാനയിലെ ഇന്ത്യന്‍ വംശജനായ ഗവര്‍ണര്‍ ബോബി ജിന്‍ഡാല്‍ കുറ്റപ്പെടുത്തി. ഒബാമ കൂടുതല്‍ ധൈര്യത്തോടെ പെരുമാറണമെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ആവശ്യപ്പെടുന്നു. അതേസമയം, ഐസിസ് ഭീകരരെ ഉന്മൂലനം ചെയ്യുമെന്ന് ഒബാമ പ്രഖ്യാപിച്ചു. സുന്നി ഭീകരരെ നിലയ്ക്കുനിര്‍ത്തും, നാറ്റോ ഉച്ചകോടിക്ക് യൂറോപ്പിലെത്തിയ ഒബാമ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഭീകരരുടെ ചെയ്തി അമേരിക്കയെ ഭയപ്പെടുത്തില്ലെന്നും ഫോളിക്കും സോട്ട്ലോഫിനും നീതി ലഭ്യമാക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.
31 കാരനായ സ്വതന്ത്ര മാധ്യമപ്രവര്ത്തകന് സ്റ്റീവന്‍ സോട്ട്ലോഫിനെയാണ് സുന്നി ഭീകരര്‍ കഴിഞ്ഞദിവസം വധിച്ചത്. കൃത്യത്തിന്റെ വീഡിയോയും അവര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. വീഡിയോ വിശ്വസനീയമാണെന്ന് അമേരിക്ക സ്ഥിരീകരിച്ചിട്ടുണ്ട്. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ സോട്ട്ലോഫിനെ 2013ല്‍ സിറിയയില്വച്ചാണ് ഭീകരര്‍ തട്ടിക്കൊണ്ടുപോയത്.
സോട്ട്ലോഫിന് ഒപ്പമുണ്ടായിരുന്ന ഫോട്ടോഗ്രാഫര്‍ ജെയിംസ് ഫോളിയെ ആഴ്ചകള്‍ക്കു മുന്‍പ് സമാന രീതിയില്‍ ഭീകരര്‍ വധിച്ചിരുന്നു. അന്നും അവര്‍ സോഷ്യല്‍ നെറ്റ്വര്ക്കിങ്സൈറ്റുകളില് വീഡിയോ പ്രചരിപ്പിച്ചു. സോട്ട്ലോഫും തങ്ങളുടെ കൈവശമുണ്ടെന്നും അദ്ദേഹത്തിന്റെ തലയും അറുക്കുമെന്നും ഭീകരര്‍ വീഡിയോയിലൂടെ മുന്നറിയിപ്പ് നല്കുകയുമുണ്ടായി. ഇറാഖില്‍ തങ്ങളെ ലക്ഷ്യമിട്ട് അമേരിക്ക നടത്തുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്നതാണ് ഭീകരരുടെ ആവശ്യം.
പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ 350 അധിക സൈനികരെകൂടി ഇറാഖിലേക്ക് അയയ്ക്കാന്‍ അമേരിക്ക തീരുമാനിച്ചു. ഇതോടെ ഇറാഖിലുള്ള അമേരിക്കന്‍ സൈനികരുടെ എണ്ണം 1000 കവിഞ്ഞു. ഇറാഖിലെ യുഎസ് നയതന്ത്രസ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും സംരക്ഷണമാണ് ഇവരില്‍ ഭൂരിഭാഗംപേരുടെയും ചുമതല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: