തൃശൂരിലെത്തുന്നത് 1360 കായികതാരങ്ങള്‍ തൃശൂര്‍: ദേശീയ ഗെയിംസില്‍ പങ്കെടുക്കാന്‍ തൃശൂര്‍ ജില്ലയില്‍ എത്തുന്നത് 1360 കായിക താരങ്ങള്‍. . വനിത ഫുട്‌ബോള്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലും, ബോക്‌സിംഗ് തൃപ്രയാര്‍ ടിഎസ്ജിഎ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും ഷൂട്ടിംഗ് രാമവര്‍മ്മപുരം പോലീസ് അക്കാദമിയിലും, ജൂഡോ, വെയ്റ്റ് ലിഫ്റ്റിംഗ് എന്നീ ഇനങ്ങള്‍ വി.കെ.എന്‍. മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമാകും നടക്കുക. കായിക താരങ്ങള്‍ക്ക് മുളങ്കുന്നത്തുകാവ് കില, രാമവര്‍മ്മപുരം പോലീസ് അക്കാദമി, ഡയറ്റ് എന്നിവിടങ്ങളിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തുക. കായിക താരങ്ങള്‍ക്ക് പരിശീലനത്തിനായി താമസസ്ഥലത്തിന് അടുത്ത് തന്നെ സൗകര്യമൊരുക്കാനാണ് തീരുമാനം. മണ്ണുത്തി വെറ്ററിനറി കോളേജ്, കേരള വര്‍മ്മ കോളേജ്, സെന്റ് തോമസ് കോളേജ്, ഗവ. എഞ്ചിനീയറിംഗ് കോളേജ് എന്നിവയുടെ ഗ്രൗണ്ടുകള്‍ പരിശീലനത്തിന് ഉപയോഗിക്കും. 35-ാമത് ദേശീയ ഗെയിംസിന്റെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ എം.എസ്. ജയയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. അക്വാട്ടിക് കോംപ്ലക്‌സില്‍ പരിശീനത്തിന് തടസ്സമുണ്ടെങ്കില്‍ അത് നാഷണല്‍ ഗെയിംസ് ഓര്‍ഗനൈസിംഗ് കമ്മറ്റിയുമായി ആലോചിച്ച് പരിഹരിക്കുമെന്ന് യോഗം അറിയിച്ചു. ജില്ലയിലെ ഗ്രാമ പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്ന് ദീപശിഖാപ്രയാണം നടത്തും. ദീപശിഖ ഗെയിംസ് ജ്യോതിയായി ജ്വലിപ്പിച്ച് നിര്‍ത്താമെന്ന നിര്‍ദ്ദേശങ്ങളും യോഗത്തിലുണ്ടായി. സ്‌കൂളുകളിലും ജില്ലാ സ്‌പോര്‍ട്‌സ് അസോസിയേഷനും മറ്റും അതത് ഇനങ്ങള്‍ സംബന്ധിച്ചുള്ള പ്രചരണം സജീവമാക്കും. കൂടാതെ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിനു കീഴിലുള്ള സ്ഥലങ്ങളിലും ഗെയിംസ് സംബന്ധിച്ച പ്രചരണം ഊര്‍ജ്ജിതമാക്കും. തിരുവനന്തപുരത്തിനും തൃശൂരിനും പുറമെ എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഗെയിംസ് നടക്കുക. സെക്രട്ടേറിയറ്റില്‍ നിയമിതരായിട്ടുള്ള റിട്ട. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഉദ്യോഗസ്ഥന്‍ സതീഷ് ബാബു, റിട്ട. പ്രോജക്ട് ഓഫീസര്‍ വി.കെ. പ്രഭാകരന്‍, റിട്ട. പോലീസ്് സൂപ്രണ്ട് സി.കെ. ശങ്കരനാരായണന്‍ തുടങ്ങിയവരും ഫുട്‌ബോള്‍ താരങ്ങളായ ഐ.എം. വിജയന്‍, സി.വി. പാപ്പച്ചന്‍, ജില്ലാ ജൂഡോ അസോസിയേഷന്‍ പ്രസിഡന്റ് കെ. രാധാകൃഷ്ണന്‍, എം. പീതാംബരന്‍, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് ടി.ഡി. ഫ്രാന്‍സിസ്, കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജൂഡോ കോച്ച് മരിയ എം. ലീ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
















