ലണ്ടന്‍: ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്ടപ്പെടുത്തിയ ഇംഗ്ലണ്ടിനെതിരെ മുന്‍ ഇംഗ്ലീഷ് താരങ്ങള്‍ രംഗത്ത്. മുന്‍ ക്യാപ്റ്റനും ലോകം കണ്ട ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരിലൊരാളുമായ ഇയാന്‍ ബോതവും സ്പിന്നര്‍ ഗ്രെയിം സ്വാനുമാണ് ക്യാപ്റ്റന്‍ കുക്കിനെതിരെയും ടീമിനെതിരെയും രംഗത്തുവന്നത്.
ഇംഗ്ലണ്ടിന്റെ കളി കണ്ടിട്ട് എനിക്ക് ദേഷ്യം സഹിക്കാനാകുന്നില്ല. ഈ തമാശയെ കുറിച്ച് എന്താണ് ഞാന്‍ പറയേണ്ടത്. ഇംഗ്ലണ്ടിന്റെ ദയനീയ പ്രകടനം തന്നെ അമ്പരപ്പിച്ചതായും ബോതം പറഞ്ഞു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന് ഏകദിനത്തില്‍ വന്നമാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ലെന്നും തെറ്റുകളില്‍ നിന്നും നാമൊന്നും പഠിക്കുന്നില്ലെന്നും ബോതം കൂട്ടിചേര്‍ത്തു. ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ പ്രകടനത്തില്‍ താന്‍ ദുഃഖിതനും കുപിതനുമാണെന്ന് മുന്‍ ഇംഗ്ലീണ്ട് സ്പിന്നര്‍ സ്വാന്‍ പറഞ്ഞു. ടീം മാനേജ്‌മെന്റും ക്യാപ്റ്റനും ഉള്‍പ്പെടെയുള്ളവര്‍ ഈ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് തിരിച്ചുവരവിന് കഠിനപ്രയത്‌നം നടത്തണമെന്നും സ്വാന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യക്കെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഒരു കളി ബാക്കിനില്‍ക്കേയാണ് ഇംഗ്ലണ്ട് 3-0ന് പരമ്പര തോറ്റത്.
















