ബെയ്റൂട്ട് : അമേരിക്കന്‍ പത്ര പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ ഐഎസ്ഐ എസ് പ്രസിദ്ധീകരിച്ചു. സ്റ്റീവന്‍ സോത് ലോഫ് എന്ന പത്രപ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. ‘അമേരിക്കയ്ക്കുള്ള രണ്ടാമത്തെ സന്ദേശം’ എന്ന അടിക്കുറിപ്പോടു കൂടിയാണ് സോത് ലോഫിന്റെ തലവെട്ടുന്ന വീഡിയോ പുറത്തു വന്നിരിക്കുന്നത്.
രണ്ടാഴ്ചകള്‍ക്ക് മുമ്പ് ജെയിംസ് ഫോളി എന്ന പത്രപ്രവര്‍ത്തകനേയും ഐഎസ്ഐഎസ് ഭീകരര്‍ ഇതുപോലെ വധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സിറിയയില്‍ വച്ച് സോത് ലോഫിനെ കാണാതാകുന്നത്. ജെയിംസ് ഫോളിയുടെ വീഡിയോയുടെ അവസാനം സോത് ലോഫിനെ ഭീകരര്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നതിന്റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു.
ഓറഞ്ച് കളര്‍ വസ്ത്രം ധരിച്ച ജെയിംസിന്റെ തലവെട്ടിയത് മുഖംമൂടി ധരിച്ച ഒരാളാണ്. ഇയാള്‍ തന്നെയാണ് സോത് ലോഫിന്റെയും തലവെട്ടിയതെന്നാണ് സംശയിക്കുന്നത്. ബ്രിട്ടീഷ് ഇംഗ്ളീഷില്‍ ”ഞാന്‍ വീണ്ടും എത്തിയിരിക്കുന്നു ഒബാമ. ഇസ്ലാമിനെതിരെയുള്ള നിങ്ങളുടെ ധിക്കാര നടപടികള്‍ കാരണമാണ് വീണ്ടും വരേണ്ടിവന്നത്” എന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയോട് ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്.
നിരപരാധികളായ പൗരന്മാരെ പരസ്യമായി കഴുത്തറുത്ത് കൊല്ലുന്നത് തികച്ചും അപലപനീയമാണെന്ന് അമേരിക്ക പ്രസ്താവിച്ചു. ഇന്റലിജന്‍സ് ഏജന്‍സികള്‍ വീഡിയോയുടെ വിശ്വാസ്യത പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: