ബര്‍മിംഗ്ഹാം: ഒടുവില്‍ ഇന്ത്യന്‍ സ്വപ്‌നം പൂവണിഞ്ഞു. 24 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഇംഗ്ലണ്ടില്‍ ചെന്ന് ഏകദിന പരമ്പര സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ നാലാം ഏകദിനവും ജയിച്ചാണ് ഇന്ത്യ പരമ്പര നേടിയത്. ഇതോടെ ഇന്ത്യ 3-0ന് മുന്നിലെത്തി. ഇന്ത്യക്ക് വേണ്ടി ധവാല്‍ കുല്‍ക്കര്‍ണി അരങ്ങേറ്റം കുറിച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 49.3 ഓവറില്‍ 206 റണ്‍സിന് എറിഞ്ഞിട്ടു. 67 റണ്‍സെടുത്ത മോയീന്‍ അലിയും 44 റണ്‍സെടുത്ത ജോ റൂട്ടും 32 റണ്‍സെടുത്ത മോര്‍ഗനും മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയത്. കൃത്യമായ ലൈനും ലെംഗ്തും സൂക്ഷിച്ച് പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കുകയായിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ 30.3 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുത്ത് ലക്ഷ്യം മറികടന്നു. 106 റണ്‍സ് നേടിയ ഓപ്പണര്‍ അജിന്‍ക്യ രഹാനെയും 81 പന്തില്‍ നിന്ന് പുറത്താകാതെ 97 റണ്‍സെടുത്ത ശിഖര്‍ ധവാനും ഗംഭീര പ്രകടനം കാഴ്ചവെച്ചു.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ തുടക്കത്തില്‍ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍കുമാറിന് മുന്നില്‍ രണ്ട് ഓപ്പണര്‍മാരും പതറി. സ്‌കോര്‍ ബോര്‍ഡില്‍ 15 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഭുവനേശ്വര്‍കുമാറിന്റെ തകര്‍പ്പനൊരു ഇന്‍സ്വിംഗര്‍ ഹെയ്ല്‍സിന്റെ (6) ബാറ്റിനും പാഡിനുമിടയിലൂടെ പറന്ന് വിക്കറ്റ് തെറിപ്പിച്ചു. രണ്ട് പന്തുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ അലിസ്റ്റര്‍ കുക്കും ഭുവനേശ്വറിന് മുന്നില്‍ കീഴടക്കി. 9 റണ്‍സെടുത്ത കുക്കിനെ റെയ്‌നയാണ് പിടികൂടിയത്. സ്‌കോര്‍ രണ്ടിന് 16. തുടര്‍ന്നെത്തിയ ഗാരി ബല്ലാന്‍സിനും ഏറെ ആയുസ്സുണ്ടായിരുന്നില്ല. സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സായപ്പോള്‍ ബല്ലാന്‍സും മടങ്ങി. 7 റണ്‍സെടുത്ത ബല്ലാന്‍സിനെ മുഹമ്മദ് ഷാമി രഹാനെയുടെ കൈകളിലെത്തിക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ ജോ റൂട്ടും മോര്‍ഗനും ഒത്തുചേര്‍ന്നതോടെ ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചുവന്നു. എന്നാല്‍ സ്‌കോര്‍ 103 റണ്‍സിലെത്തിയപ്പോള്‍ നാലാം വിക്കറ്റും വീണു. 32 റണ്‍സെടുത്ത മോര്‍ഗനെ ജഡേജ റെയ്‌നയുടെ കൈകളിലെത്തിച്ചു. സ്‌കോര്‍ 114-ല്‍ എത്തിയപ്പോള്‍ 44 റണ്‍സെടുത്ത ജോ റൂട്ടിനെ സുരേഷ് റെയ്‌ന ധവാല്‍ കുല്‍ക്കര്‍ണിയുടെ കൈകളിലെത്തിച്ചു. പിന്നീട് ബട്ട്‌ലറും മോയീന്‍ അലിയും ചേര്‍ന്ന് ഇന്നിംഗ്‌സ് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചെങ്കിലും സ്‌കോര്‍ 164-ല്‍ എത്തിയപ്പോള്‍ 50 റണ്‍സിന്റെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. 11 റണ്‍സെടുത്ത ബട്ട്‌ലറെ മുഹമ്മദ് ഷാമി വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് സ്‌കോര്‍ 194-ല്‍ എത്തിയപ്പോള്‍ ഏഴാം വിക്കറ്റും ആതിഥേയര്‍ക്ക് നഷ്ടമായി. 10 റണ്‍സെടുത്ത വോക്‌സ് റെയ്‌നയുടെ ഏറില്‍ റണ്ണൗട്ടായി മടങ്ങി. ഇതിനിടെ മോയീന്‍ അലി അര്‍ദ്ധസെഞ്ച്വറി പൂര്‍ത്തിയാക്കി. എന്നാല്‍ സ്‌കോര്‍ 201-ല്‍ എത്തിയപ്പോള്‍ 47-ാം ഓവറിലെ അഞ്ചാം പന്തില്‍ 50 പന്തില്‍ നിന്ന് 67 റണ്‍സെടുത്ത മോയീന്‍ അലിയെ അശ്വിന്‍ ബൗള്‍ഡാക്കി. ഒരു റണ്‍സ് കൂടി സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തപ്പോഴേക്കും ഫിന്‍ (2) ജഡേജയുടെ പന്തില്‍ ബൗള്‍ഡായി. സ്‌കോര്‍ 206-ല്‍ എത്തിയപ്പോള്‍ മൂന്ന് റണ്‍സെടുത്ത ഹാരി ഗര്‍ണിയെ ഷാമി ബൗള്‍ഡാക്കിയതോടെ ഇംഗ്ലീഷ് ഇന്നിംഗ്‌സിന് തിരശ്ശീല വീണു. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് ഷാമി മൂന്നും ഭുവനേശ്വര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടും വിക്കറ്റുകള്‍ വീതം വീഴ്‌ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്ക് കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അജിന്‍ക്യ രഹാനെയും ശിഖര്‍ ധവാനും ചേര്‍ന്ന് നല്‍കിയത്. 18-ാം ഓവറിലെ നാലാം പന്തില്‍ ഇന്ത്യന്‍ സ്‌കോര്‍ 100 കടന്നു. പരമ്പരയില്‍ ആദ്യമായാണ് ഇന്ത്യയുടെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് നൂറ് റണ്‍സ് കടക്കുന്നത്. ഇതിനിടെ രഹാനെ അര്‍ദ്ധസെഞ്ച്വറിയും പിന്നിട്ടു. 60 പന്തില്‍ നിന്ന് ആറ് ഫോറും രണ്ട് സിക്‌സറുമടക്കമാണ് രഹാനെ 50 റണ്‍സിലെത്തിയത്. ഒടുവില്‍ ഇന്ത്യന്‍ സ്‌കോര്‍ 183 റണ്‍സിലെത്തിയശേഷമാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. ഇതിനിടെ രഹാനെ സെഞ്ച്വറി പൂര്‍ത്തിയാക്കിയിരുന്നു. 100 പന്തില്‍ നിന്ന് 10 ഫോറും നാല് കൂറ്റന്‍ സിക്‌സറുമടക്കം 106 റണ്‍സെടുത്ത രഹാനെയെ ഗുര്‍ണിയുടെ പന്തില്‍ കുക്ക് പിടികൂടി. പിന്നീട് വിരാട് കോഹ്‌ലിയെ (1 നോട്ടൗട്ട്) കൂട്ടുപിടിച്ച് ശിഖര്‍ ധവാന്‍ 117 പന്തുകള്‍ ബാക്കിനില്‍ക്കേ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.
സ്‌കോര്‍ബോര്‍ഡ്
ഇംഗ്ലണ്ട്: അലിസ്റ്റര്‍ കുക്ക് സി റെയ്‌ന ബി ഭുവനേശ്വര്‍ 9, ഹെയ്ല്‍സ് ബി ഭുവനേശ്വര്‍ 6, ബല്ലാന്‍സ് സി രഹാനെ ബി ഷാമി 7, ജോ റൂട്ട് സി കുല്‍ക്കര്‍ണി ബി റെയ്‌ന 44, മോര്‍ഗന്‍ സി റെയ്‌ന ബി ജഡേജ 32, ബട്ട്‌ലര്‍ എല്‍ബിഡബ്ല്യു ബി ഷാമി 11, മോയീന്‍ അലി ബി അശ്വിന്‍ 67, വോക്‌സ് റണ്ണൗട്ട് (ജഡേജ) 10, ഫിന്‍ ബി ജഡേജ 2, ആന്‍ഡേഴ്‌സണ്‍ നോട്ടൗട്ട് 1, ഹാരി ഗര്‍ണി ബി ഷാമി 3, എക്‌സ്ട്രാസ് 14, ആകെ 49.3 ഓവറില്‍ 206.
വിക്കറ്റ് വീഴ്ച: 1-15, 2-16, 3-23, 4-103, 5-114, 6-164, 7-194, 8-201, 9-202, 10-206.
ബൗളിംഗ്: ഭുവനേശ്വര്‍കുമാര്‍ 8-3-14-2, ധവാല്‍ കുല്‍ക്കര്‍ണി 7-0-35-0, മുഹമ്മദ് ഷാമി 7.3-1-28-3, ആര്‍. അശ്വിന്‍ 10-0-48-1, രവീന്ദ്ര ജഡേജ 10-0-40-2, സുരേഷ് റെയ്‌ന 7-0-36-1.
ഇന്ത്യ: അജിന്‍ക്യ രഹാനെ സി കുക്ക് ബി ഗുര്‍ണി 106, ശിഖര്‍ ധവാന്‍ നോട്ടൗട്ട് 97, വിരാട് കോഹ്‌ലി നോട്ടൗട്ട് 1, എക്‌സ്ട്രാസ് 8. ആകെ 30.3 ഓവറില്‍ ഒരു വിക്കറ്റിന് 212.
















